ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ്വം ബോര്‍ഡ്; ഏഴ് കോടി വേണമെന്ന് സൊസൈറ്റി

Jaihind News Bureau
Monday, April 27, 2026

തിരുവനന്തപുരം: പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് 55 ലക്ഷം രൂപ കൂടി അനുവദിച്ചു. ഇതോടെ പരിപാടിയുടെ ഈവന്റ് മാനേജ്മെന്റ് ചുമതലയുണ്ടായിരുന്ന സൊസൈറ്റിക്ക് ഇതുവരെ നല്‍കിയ ആകെ തുക 3.69 കോടി രൂപയായി. ബാക്കി തുക ഇനി സ്‌പോണ്‍സര്‍ഷിപ്പ് തുക ലഭിക്കുന്ന മുറയ്ക്ക് മാത്രമേ കൈമാറുകയുള്ളൂ എന്നാണ് ബോര്‍ഡ് നല്‍കുന്ന വിശദീകരണം. എന്നാല്‍, സൊസൈറ്റി ആവശ്യപ്പെടുന്ന തുകയും സര്‍ക്കാരും ബോര്‍ഡും അംഗീകരിക്കുന്ന തുകയും തമ്മിലുള്ള വലിയ വ്യത്യാസം പ്രതിസന്ധി രൂക്ഷമാക്കുന്നു.

പരിപാടിക്കായി ആകെ ഏഴ് കോടി രൂപയിലധികം ചെലവായെന്നും ഈ തുക മുഴുവന്‍ ലഭിക്കണമെന്നുമാണ് ഊരാളുങ്കല്‍ സൊസൈറ്റിയുടെ നിലപാട്. എന്നാല്‍, മുന്‍ധാരണ പ്രകാരം പരമാവധി 4.99 കോടി രൂപ മാത്രമേ നല്‍കാന്‍ കഴിയൂ എന്ന് ദേവസ്വം ബോര്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവില്‍ നല്‍കിയ 3.69 കോടിക്ക് പുറമെ ഇനി 1.06 കോടി രൂപ കൂടി മാത്രമേ നല്‍കാനാകൂ എന്ന സര്‍ക്കാര്‍ നിലപാടിനെ സൊസൈറ്റി ശക്തമായി എതിര്‍ക്കുകയാണ്. സ്‌പോണ്‍സര്‍ഷിപ്പ് വഴി വലിയ തുക സമാഹരിക്കാന്‍ കഴിയുമെന്നായിരുന്നു തുടക്കത്തിലെ പ്രതീക്ഷയെങ്കിലും ഇതുവരെ ബോര്‍ഡിന് ലഭിച്ചത് 3.85 കോടി രൂപ മാത്രമാണ്.

പരിപാടിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടിലെ പൊരുത്തക്കേടുകളെ ഹൈക്കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. ടെന്‍ഡര്‍ നടപടികളില്ലാതെ കരാര്‍ നല്‍കിയതും ഭരണച്ചെലവായി 10 ശതമാനം അധികം നല്‍കാനുള്ള തീരുമാനവും വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിട്ടുണ്ട്. സംഗമം കഴിഞ്ഞ് ഏഴ് മാസം പിന്നിട്ടിട്ടും സാമ്പത്തിക ഇടപാടുകള്‍ തീര്‍പ്പാക്കാത്തത് ദേവസ്വം ബോര്‍ഡിന് വലിയ തലവേദനയായി തുടരുകയാണ്.