വയനാട് പുനരധിവാസം: മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശനം ഇന്ന്

Jaihind News Bureau
Monday, April 27, 2026

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച ഭവനപദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി. പദ്ധതിയുടെ ഭാഗമായി തൃക്കൈപ്പറ്റ വെള്ളിത്തോടിൽ നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശന ചടങ്ങ് ഇന്ന് നടക്കും. വൈകിട്ട് നാലുമണിക്ക് നടക്കുന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുക്കും. പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്ന കുടുംബങ്ങൾക്കായി വീടുകളിലേക്കാവശ്യമായ ഫർണിച്ചർ, ഭക്ഷ്യക്കിറ്റുകൾ എന്നിവയുടെ വിതരണം ഇന്നലെയോടെ തന്നെ പൂർത്തിയാക്കിയിരുന്നു.

മുട്ടിൽ-മേപ്പാടി സംസ്ഥാന പാതയോട് ചേർന്ന് എട്ട് സെന്റ് ഭൂമിയിൽ 1060 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ഓരോ വീടും നിർമ്മിച്ചിരിക്കുന്നത്. മൂന്ന് ബെഡ്‌റൂമുകൾ ഉൾപ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും ഈ വീടുകളിൽ ഒരുക്കിയിട്ടുണ്ട്. പുനരധിവാസ ഗ്രാമത്തിലെത്തുന്ന കുടുംബങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും അതിനാൽ അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കി സഹകരിക്കണമെന്നും മുസ്ലിം ലീഗ് നേതൃത്വം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.