എസി വാങ്ങുന്നതിനെ ചൊല്ലി തർക്കം; യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Jaihind News Bureau
Sunday, April 26, 2026

 

തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ എസി വാങ്ങുന്നതിനെ ചൊല്ലി ഭർത്താവുമായുണ്ടായ തർക്കത്തിന് പിന്നാലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പുല്ലാരംപാക്കം സ്വദേശിനി മോണിക്കയാണ് മരിച്ചത്.23 വയസ്സുകാരിയായ മോണിക്കയെ വീട്ടിനുള്ളിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

കഴിഞ്ഞ രാത്രിയിൽ എസി വാങ്ങുന്നതുമായി ബന്ധപ്പെട്ട് മോണിക്കയും ഭർത്താവ് ആകാശും തമ്മിൽ രൂക്ഷമായ തർക്കം ഉണ്ടായതായി പോലീസ് പറയുന്നു.തർക്കത്തിന് പിന്നാലെ ആകാശും മാതാപിതാക്കളും സഹോദരനും വീടിന്റെ ടെറസിലാണ് രാത്രി ഉറങ്ങാൻ പോയത്. രാവിലെ താഴെയെത്തിയപ്പോൾ മോണിക്കയുടെ മുറി ഉള്ളിൽ നിന്നും പൂട്ടിയ നിലയിലായിരുന്നു. സംശയം തോന്നി വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് മോണിക്കയെ മരിച്ച നിലയിൽ കണ്ടെത്തിയത്.തുടർന്ന് പുല്ലാരംപാക്കം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മോണിക്കയുടെ മാതാപിതാക്കൾ ആരോപിച്ചു. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരായ മോണിക്കയും ആകാശും ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ മൂന്ന് വർഷം മുൻപാണ് വിവാഹിതരായത്. കുടുംബപ്രശ്നങ്ങളാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)