ഒരു രക്ഷപ്പെടലിന്‍റെ അത്ഭുത കാഴ്ച

Jaihind Webdesk
Thursday, October 4, 2018

മുംബൈയിൽ ട്രെയിനില്‍ നിന്ന് വീണ പെണ്‍കുട്ടിയെ സഹയാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെടുത്തി. വാതില്‍പ്പടിയില്‍ നിന്ന് യാത്ര ചെയ്യവേയാണ് അപകടമുണ്ടായത്. സമൂഹമാധ്യമങ്ങളില്‍ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുന്ന വീഡിയോ വൈറലായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവമുണ്ടായത്. ഘാട്കോപർ-വിക്രോളി സ്റ്റേഷനുകൾക്കിടയിൽ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടി ട്രെയിനിന്‍റെ വാതില്‍പ്പടിയിലായി നില്‍ക്കുകയായിരുന്നു.

ഇയര്‍ഫോണില്‍ പാട്ടുകേട്ട് നിന്ന പെണ്‍കുട്ടി മറ്റൊരു ട്രെയിന്‍ കടന്നുപോകുന്നതിനിടെയുണ്ടായ ശക്തമായ കാറ്റില്‍ നിലതെറ്റി പുറത്തേക്ക് വീഴുകയായിരുന്നു. സമീപം നിന്ന യാത്രക്കാരിലൊരാള്‍ പെണ്‍കുട്ടിയുടെ ടീഷര്‍ട്ടില്‍ പിടിച്ചതിനാല്‍ നിലത്തുവീണില്ല. ഏതാനും സെക്കന്‍റുകള്‍ ടീ ഷര്‍ട്ടില്‍ തൂങ്ങിയാടിയ പെണ്‍കുട്ടിയുടെ മറ്റ് യാത്രക്കാരുടെ സഹായത്തോടെ ട്രെയിനിലേക്ക് വലിച്ചുകയറ്റുകയായിരുന്നു.

ജീവന്‍ വരെ നഷ്ടമാകാമായിരുന്ന ഒരു അപകടമായിരുന്നെങ്കിലും സഹയാത്രികന്‍റെ സമയോചിതമായ ഇടപെടലല്‍ സാരമായ പരിക്കുകള്‍ പോലുമില്ലാതെ അത്ഭുതകരമായി പെണ്‍കുട്ടി രക്ഷപ്പെടുകയായിരുന്നു.

കൈ മുറിയുകയും അപകടത്തിന്‍റെ ആഘാതത്തില്‍ പരിഭ്രാന്തയാവുകയും ചെയ്ത പെൺകുട്ടിക്ക് അടുത്ത സ്റ്റേഷനിൽ പ്രാഥമിക ശുശ്രൂഷ നല്‍കി. മുംബൈയിലെ താനെ ജില്ലയിലെ ദിവ സ്വദേശിയാണ് പെൺകുട്ടി.