ഷൊര്‍ണ്ണൂരില്‍ ട്രെയിന്‍ പാളംതെറ്റി; ആളപായമില്ല; റെയില്‍ഗതാഗതം സ്തംഭിച്ചു

Jaihind Webdesk
Tuesday, February 26, 2019

ചെന്നൈ-മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് ഷൊര്‍ണ്ണൂരില്‍വെച്ച് പാളം തെറ്റി. രണ്ടുബോഗികകള്‍ പാളത്തില്‍ നിന്ന് തെന്നിമാറി. പാളത്തോട് ചേര്‍ന്നുള്ള ഇലക്ട്രിക് പോസ്റ്റുകള്‍ ഇടിച്ചുതകര്‍ത്തു. രാവിലെ ആറുമണിയോടെയാണ് സംഭവം. ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്താന്‍ വേഗത കുറച്ച സമയത്താണ് അപകടമുണ്ടായത്. വേഗത കുറവായതിനാല്‍ വലിയൊരു അപകടമാണ് ഒഴിവായിരിക്കുന്നത്. ആളപായമില്ല. ഇതോടെ ഷൊര്‍ണ്ണൂര്‍വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഗതാഗതം പുനഃസ്ഥാപിക്കാന്‍ മൂന്ന് മണിക്കൂറിലധികം വേണ്ടിവരുമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.

ചെന്നൈയിൽ നിന്നും മംഗലാപുരത്തേക്ക് വരികയായിരുന്ന സൂപ്പർഫാസ്റ്റ് മെയിൽ ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം പാളം തെറ്റിയത് ആർക്കും ഗുരുതര പരിക്കേറ്റതായി റിപ്പോർട്ടില്ല. പാലക്കാട് ഭാഗത്തു നിന്നും ഷൊർണൂർ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് യാർഡിന് സമീപമാണ് പാളം തെറ്റിയത്.ഷൊർണൂർ വഴിയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചതായി റെയിൽവേ അറിയിച്ചു.എൻജിന് പിന്നിലെ രണ്ട് ബോഗികൾ മുഴുവനായും പാളം തെറ്റിയിട്ടുണ്ട്. പാർസൽ വാനും എസ്.എൽ.ആർ കോച്ചുമാണ് പാളം തെറ്റിയത്.

പാളത്തിന് അരികിലെ ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു.ഇതോടെ ഷൊർണൂരിൽ നിന്നും കോഴിക്കോട്, തൃശ്ശൂർ ഭാഗങ്ങളിലേക്കും പാലക്കാട് ഭാഗത്തേക്കുമുള്ള ട്രെയിൻ ഗതാഗതം മുടങ്ങി. തൃശൂർ – പാലക്കാട് റൂട്ടിൽ ട്രെയിൻ ഗതാഗതത്തെ ബാധിച്ചിട്ടില്ല.സിഗ്‌നൽ സംവിധാനം തകരാറിലായതിനാൽ ബദൽ സംവിധാനം ഏർപ്പെടുത്താനുള്ള ശ്രമത്തിലാണ് റെയിൽവെ അധികൃതർ. ബ്രേക്ക് അപ് വാൻ ഉൾപ്പെടെയുള്ള അടിയന്തിര സംവിധാനങ്ങൾ ഷൊർണൂരിൽ തന്നെ ഉള്ളതിനാൽ ഉടൻ ഗതാഗതം പുനസ്ഥാപിക്കാനാകുമെന്നാണ് റെയിൽവേ അറിയിച്ചത്.