കൊട്ടിക്കയറി കൊട്ടിക്കലാശം: പരസ്യപ്രചാരണം സമാപിച്ചു; ഇനി നിശബ്ദ പ്രചാരണം

Jaihind Webdesk
Wednesday, April 24, 2024

 

തിരുവനന്തപുരം: വോട്ടാവേശം വാനോളം… പരസ്യപ്രചാരണം കഴിഞ്ഞു, ഇനി നിശബ്ദ പ്രചാരണത്തിന്‍റെ മണിക്കൂറുകള്‍.
വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ആവേശത്തിൽ മുന്നണികളുടെ കൊട്ടിക്കലാശം. വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ്. വരുന്ന മണിക്കൂറുകൾ വോട്ടുറപ്പിക്കാനുള്ള നിശബ്ദ പ്രചാരണത്തിലായിരിക്കും മുന്നണികൾ. പരസ്യപ്രചാരണത്തിന്‍റെ അവസാന നിമിഷങ്ങളിലും ആത്മവിശ്വാസവും വാക്പോരുമായി സ്ഥാനാർത്ഥികൾ രംഗത്തുണ്ടായിരുന്നു. വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക. ജൂൺ നാലിനാണ് വോട്ടെണ്ണൽ.

കലാശക്കൊട്ടിനിടെ സംഘർഷമൊഴിവാക്കാൻ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയതോടൊപ്പം കലാശക്കൊട്ട് കേന്ദ്രങ്ങളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നിശ്ചയിച്ച് നൽകിയിരുന്നു. ഇവിടങ്ങളിൽ അത്യാവേശത്തോടെയായിരുന്നു മുന്നണികളുടെ പ്രകടനങ്ങളും റോഡ് ഷോകളും അരങ്ങേറിയത്. എന്നിട്ടും അങ്ങിങ്ങ് സംഘർഷങ്ങളുണ്ടായി. കരുനാഗപ്പള്ളിയില്‍ നടന്ന കല്ലേറില്‍ സി.ആർ. മഹേഷ് എംഎല്‍എ ഉള്‍പ്പെടെയുള്ളവർക്ക് പരിക്കേറ്റു.

നാൽപത് ദിവസത്തോളം നീണ്ട പരസ്യപ്രചാരണത്തിന് തിരശീല വീഴുമ്പോൾ തിരുവനന്തപുരം മുതൽ കാസറഗോഡ് വരെ ആവേശം അണപൊട്ടി. സ്ഥാനാർത്ഥികൾ ക്രെയിനുകളിൽ കയറി കൊട്ടിക്കലാശത്തിൽ പങ്കെടുത്തപ്പോൾ, മറ്റിടങ്ങളിൽ കൂറ്റൻ ഫ്ലക്സുകളും വാദ്യഅകമ്പടികളും കൊട്ടിക്കലാശത്തിന് ആവേശം പകർന്നു.

വിവിധയിടങ്ങളിലെ സ്ഥാനാർത്ഥികളായ ശശി തരൂർ, എൻ.കെ. പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, കെ.സി. വേണുഗോപാൽ, ഫ്രാൻസിസ് ജോർജ്, ഹൈബി ഈഡൻ, ബെന്നി ബെഹനാൻ, ഡീൻ കുര്യാക്കോസ്, കെ. മുരളീധരൻ, രമ്യാ ഹരിദാസ്, വി.കെ. ശ്രീകണ്ഠൻ, ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദു സമദ് സമദാനി, എം.കെ. രാഘവൻ, കെ. സുധാകരൻ, രാജ് മോഹൻ ഉണ്ണിത്താൻ തുടങ്ങിയ സ്ഥാനാർത്ഥികൾ കൊട്ടിക്കലാശത്തിൽ പങ്കെടുത്ത് പ്രവർത്തകർക്ക് ആവേശം പകർന്നു.

ഇതിനിടെ ചിലയിടങ്ങളിൽ പ്രവർത്തകർ തമ്മിൽ നേരിയ വാക്കേറ്റമുണ്ടായി. ആറ്റിങ്ങലിൽ സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ചെങ്ങന്നൂരിൽ പോലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ തർക്കവും ഉന്തും തള്ളും ഉണ്ടായി. മലപ്പുറത്ത് എൽഡിഎഫ് പ്രവർത്തകർ യുഡിഎഫ് പ്രവർത്തകരെ ആക്രമിച്ചു. പോലീസ് ഇടപെട്ട് പ്രവർത്തകരെ പിരിച്ചുവിടുകയായിരുന്നു. കരുനാഗപ്പള്ളിയിലെ കല്ലേറില്‍ സി.ആർ. മഹേഷ് എംഎല്‍എയ്ക്ക് പരിക്കേറ്റു. തിരുവനന്തപുരം പേരൂർക്കടയിൽ മഴ വില്ലനായെത്തിയെങ്കിലും മുന്നണികളുടെ ആവേശം ചോർന്നില്ല.

നാളെ രാവിലെ മുതൽ വോട്ടെണ്ണൽ സാമഗ്രികളുടെ വിതരണം നടക്കും. മറ്റന്നാൾ രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.