മേയർക്കും എംഎല്‍എയ്ക്കുമെതിരെ ദുർബലവകുപ്പുകള്‍; യദുവിന്‍റെ പരാതി നാളെ കോടതിയില്‍

Jaihind Webdesk
Sunday, May 5, 2024

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് റോഡില്‍ തടഞ്ഞ സംഭവത്തില്‍ ഒടുവിൽ തിരുവനന്തപുരം കോര്‍പറേഷൻ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും ബാലുശേരി എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരെ പോലീസ് കേസെടുത്തെങ്കിലും ചുമത്തിയിരിക്കുന്നത് ദുർബല വകുപ്പുകൾ. കോടതി ഇടപെടലിനെ തുടർന്ന് കേസെടുക്കേണ്ടി വന്നത് പോലീസിനും സിപിഎമ്മിനും വലിയ തിരിച്ചടിയായി. അതേസമയം ഡ്രൈവർ യദുവിന്‍റെ പരാതി കോടതി നാളെ പരിഗണിക്കും.

സംഭവം നടന്ന്എട്ടാം ദിവസമാണ് കോടതി ഇടപെടലിലൂടെ മേയർക്കും എംഎൽഎക്കും എതിരെ കേസെടുത്തിരിക്കുന്നത്.
കേസെടുക്കേണ്ടി വന്നെങ്കിലും ദുർബല വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തുടക്കം മുതൽ മേയറെയും കുടുംബത്തെയും ന്യായീകരിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉൾപ്പെടെയുള്ളവർ മേയറെ ന്യായീകരിച്ച് രംഗത്തുവന്നിരുന്നു. മേയറും കുടുംബവും ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും കുറ്റം ചെയ്ത ഡ്രൈവറെ പോലീസിന് കൈമാറുക മാത്രമാണ് ചെയ്തതെന്നുമാണ് നിലപാട് സ്വീകരിച്ചിരുന്നത്. എന്നാൽ മേയറിനും സംഘത്തിനുമെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിട്ടും പോലീസ് കേസെടുത്തിരുന്നില്ല.

ഇതിനു പിന്നാലെ സിറ്റി പോലീസ് കമ്മീഷണര്‍ക്കു ഡ്രൈവര്‍ യദു പരാതി നല്‍കിയിരുന്നു. ഇതും പരിഗണിക്കാന്‍ പൊലീസ് തയാറായില്ല. ഇതിനിടയിലാണ് പോലീസിന് തിരച്ചടിയായി സംഭവം നടന്ന് എട്ടു ദിവസത്തിനു ശേഷം കോടതി നിര്‍ദേശപ്രകാരം കേസെടുക്കേണ്ടി വന്നത്. ഇത് പോലീസിനും സിപിഎമ്മിനും വലിയ തിരിച്ചടിയായി. നിലവിൽ പൊതുതാൽപര്യ ഹർജിയിലാണ് ഇപ്പോൾ കോടതി ഇടപെടൽ ഉണ്ടായിരിക്കുന്നത്. ഡ്രൈവർ യദു നൽകിയ പരാതി കോടതി നാളെ പരിഗണിക്കും.