ഷാനിമോള്‍ ഉസ്മാനെ അധിക്ഷേപിച്ച മന്ത്രി ജി സുധാകരനെതിരെ വനിതാ കമ്മിഷൻ കേസെടുക്കണമെന്ന് ലതിക സുഭാഷ്

Jaihind News Bureau
Saturday, October 5, 2019

അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെ അധിക്ഷേപിച്ച മന്ത്രി ജി സുധാകരനെതിരെ വനിതാ കമ്മിഷൻ കേസെടുക്കണമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ലതിക സുഭാഷ്. ഷാനിമോൾ ഉസ്മാനോട് ജി.സുധാകരൻ മാപ്പ് പറയണമെന്നും ലതിക സുഭാഷ് പറഞ്ഞു.

തൈക്കാട്ടുശേരിയില്‍ നടന്ന കുടുംബയോഗത്തിലായിരുന്നു ഷാനിമോള്‍ ഉസ്മാനെ പൂതനയെന്ന് വിളിച്ച് മന്ത്രി ജി.സുധാകരന്‍ അപമാനിച്ചത്. എതിർപക്ഷത്തിന് നേരെ നികൃഷ്ടമായ പ്രയോഗങ്ങള്‍ നടത്തിയ മന്ത്രി മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യു.ഡി.എഫ് ജയിക്കാന്‍ ശ്രമിക്കുന്നതെന്നും ആരോപിച്ചു.

അതേസമയം ജി സുധാകരന്‍റെ പ്രസ്തവന സ്ത്രീത്വത്തോടുള്ള അപമാനവും, സ്ഥാനാർത്ഥിയെ അപകീർത്തിപ്പെടുത്തുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഇലക്ഷൻ കമ്മീഷന് പരാതി നൽകി.

മന്ത്രിയുടെ അവഹേളനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. നവോത്ഥാനവും സ്ത്രീസംരക്ഷണവും ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന സര്‍ക്കാരിലെ അംഗമായ മന്ത്രി തന്നെ കുടുംബ സദസ്സുകള്‍ക്ക് മുന്നില്‍ നടത്തിയ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശത്തിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലും ചര്‍ച്ച രൂക്ഷമാവുകയാണ്.