അരൂരില്‍ ആത്മവിശ്വാസത്തോടെ യു.ഡി.എഫ് ; കൊട്ടിക്കലാശം നാളെ

Jaihind Webdesk
Friday, October 18, 2019

ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കേ തികഞ്ഞ ആത്മവിശ്വാസത്തിലാണ് അരൂരിലെ യു.ഡി.എഫ് ക്യാമ്പ്. താഴേ തട്ട് മുതൽ നടത്തിയ ചിട്ടയായ പ്രവർത്തനവും പ്രചാരണത്തിനടയിൽ ജനങ്ങളിൽ നിന്നും സ്ഥാനാർത്ഥിക്ക് ലഭിക്കുന്ന പിന്തുണയും യു.ഡി.എഫിന്‍റെ വിജയപ്രതീക്ഷ വർധിപ്പിക്കുന്നു. കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാന് അരൂര്‍ മണ്ഡലത്തിൽ ലഭിച്ച ഭൂരിപക്ഷം വർധിപ്പിക്കാനുള്ള ശക്തമായ പ്രവർത്തനത്തിലാണ് യു.ഡി.എഫ്.

കഴിഞ്ഞ 13 വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച എ.എം ആരിഫ് മണ്ഡലത്തിലെ ജനങ്ങൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും ചെയ്തുകൊടുത്തില്ല എന്ന് മണ്ഡലത്തിൽ പുരക്കെ ആക്ഷേപമുണ്ട്. എന്നാൽ പ്രചാരണത്തിനിടയിൽ ഷാനിമോൾ ഉസ്മാനെതിരെ മന്ത്രി ജി സുധാകരന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ആശങ്ക എൽ.ഡി.എഫ് ക്യാമ്പിനുണ്ട്.

അതേ സമയം താഴേതട്ട് മുതൽ  യു.ഡി.എഫ്   ശക്തമായ പ്രവർത്തനമാണ് നടത്തിയതെന്നും, യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയം സുനിശ്ചിതമാണെന്നും യു.ഡി.എഫ്  നിയോജകമണ്ഡലം ചെയർമാൻ അഡ്വ. ഉമേശൻ വ്യക്തമാക്കി.

ഷാനിമോൾ ഉസ്മാൻ മണ്ഡലത്തിലെ ജനങ്ങൾക്ക് സുപരിചിതയാണെന്നതും കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ അരൂർ മണ്ഡലത്തിൽ ഷാനിമോൾക്ക് ലഭിച്ച ഭൂരിപക്ഷവും യു.ഡി.എഫിന്‍റെ ആത്മവിശ്വാസത്തിന്‍റെ തോത് വർധിപ്പിക്കുന്നു. എൽ.ഡി.എഫിലെയും എൻ.ഡി.എയിലെയും വിഭാഗീയതയും തെരഞ്ഞെടുപ്പിൽ അനുകൂലമാകുമെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ് ക്യാമ്പ്.