അരൂരിന്റെ റാണിയായി ഷാനിമോള്‍; വിജയിച്ച് കയറിയത് ചരിത്രത്തിലേക്ക്

Jaihind Webdesk
Thursday, October 24, 2019

അരൂരില്‍ ഷാനിമോള്‍ക്ക് സംഘടന ഏല്‍പ്പിച്ച ചുമതല അത്ര ചെറുതല്ലായിരുന്നു. എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കാന്‍ ഷാനിമോള്‍ ഉസ്മാന്‍ എന്ന വനിതയെ നിയോഗിച്ചത് ഷാനിമോളുടെ പോരാട്ടവീര്യം ഒന്നുകൊണ്ടുതന്നെയാണ്. ആ തീരുമാനം ഒരുതരത്തിലും പിഴച്ചില്ലെന്ന തെളിവായി അരൂരിലെ മിന്നും വിജയം. എല്‍.ഡി.എഫിന്റെ പരമ്പാഗത കോട്ടകളിലൊക്കെയും വിള്ളല്‍ വീഴ്ത്തയാണ് യു.ഡി.എഫിന്റെ വിജയം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 641 വോട്ടിന്റെ ലീഡാണ് അരൂര്‍ നിയോജക മണ്ഡലം ഷാനിമോള്‍ക്ക് സമ്മാനിച്ചത്. അത് അസംബ്ലി തെരഞ്ഞെടുപ്പായപ്പോള്‍ 1955 ആയി വര്‍ദ്ധിപ്പിച്ചാണ് അരൂരുകാര്‍ ഷാനിമോളോടുള്ള വിശ്വാസം ഉറപ്പിച്ചത്. 59 വര്‍ഷത്തെ ഇടത് ആധിപത്യത്തിനാണ് ഷാനിമോള്‍ അന്ത്യം കുറിച്ചിരിക്കുന്നത്.

ഈ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ ദൈവത്തോട് നന്ദി പറയുന്നുവെന്ന് ഷാനിമോള്‍ ഉസ്മാന്‍ വിജയത്തോട് പ്രതികരിച്ചു. ഐക്യജനാധിപത്യ മുന്നണിയോടും അരൂരിലെ ജനതയോടും നന്ദി പറയുന്നുവെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. ആദ്യന്തം ലീഡ് ഉറപ്പാക്കി നേടിയ വിജയം ശക്തമായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നും അവര്‍ വ്യക്തമാക്കി. ഇടതുപക്ഷത്തിന്റെ സിറ്റിങ് സീറ്റാണ് ഷാനിമോള്‍ പിടിച്ചെടുത്തത്. എല്‍.ഡി.എഫിന് മേല്‍ക്കൈ ഉള്ള പ്രദേശങ്ങളിലും ഷാനിമോളാണ് ലീഡ് നേടിയത്.

അതേസമയം, സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് അരൂരിലെ മൂന്ന് വോട്ടിങ് യന്ത്രങ്ങള്‍ എണ്ണിയില്ല. ഒന്നാം റൗണ്ടിലെ ഒന്നും പതിനൊന്നാം റൗണ്ടിലെ രണ്ടും ഇ.വി.എമ്മുകളാണ് മാറ്റിവെച്ചത്. അരൂരിലേയും പള്ളിപ്പുറത്തേയും വോട്ടിങ് യന്ത്രങ്ങളാണ് എണ്ണാതെ മാറ്റിവെച്ചത്. ആലപ്പുഴ സ്വദേശിയായ ഷാനിമോള്‍ എഐസിസി അംഗവും കെപിസിസി രാഷ്ട്രീയ രാഷ്ട്രീയകാര്യ സമിതി അംഗമാണ്. കെ.എസ്.യുവിലൂടെ സംഘടന പ്രവര്‍ത്തന രംഗത്ത് പ്രവേശിച്ച ഷാനിമോള്‍ ഉസ്മാന്‍ കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റ്, കെ.എസ്.യുസംസ്ഥാന വൈസ് പ്രസിഡന്റ്, കേരള യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, സെനറ്റ് മെമ്പര്‍,ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം, ആലപ്പുഴ നഗരസഭാ ചെയര്‍പേഴ്സണ്‍,മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, എഐസിസി സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട് നിലവില്‍ എഐസിസി അംഗവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമാണ്. തിരുവനന്തപുരം ലോ അക്കാഡമിയില്‍ നിന്ന് നിയമ ബിരുദവും,ചെന്നൈ ലയോള കോളേജില്‍ നിന്നും സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. പെരുമ്പാവൂര്‍, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ നിന്നും നിയസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്, കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിനാണ് ആലപ്പുഴ മണ്ഡലത്തില്‍ നിന്നും പരാജയം ഏറ്റുവാങ്ങിയത്.

teevandi enkile ennodu para