പാലത്തായി പോക്സോ കേസ് പ്രതിയെ ഇത് വരെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടി പ്രതിഷേധാർഹം : മന്ത്രി കെ കെ ശൈലജക്ക് ഷാനിമോൾ ഉസ്മാൻ എംഎൽഎയുടെ കത്ത്

Jaihind News Bureau
Wednesday, April 15, 2020

പാലത്തായി പോക്സോ കേസ് പ്രതിയെ ഇത് വരെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടി പ്രതിഷേധാർഹമാണെന്ന് ഷാനിമോൾ ഉസ്മാൻ എംഎൽഎ. ഈ വിഷയവുമായി ബന്ധപ്പെട്ട് ആരോഗ്യ, സാമൂഹ്യനീതി, വനിത ശിശു വികസനവും വകുപ്പ് മന്ത്രി കെ കെ ശൈലജക്ക് ഷാനിമോൾ ഉസ്മാൻ എംഎൽഎ കത്ത് അയച്ചു.

പോക്സോ നിയമപ്രകാരം കേസെടുത്ത് ഒരു മാസം കഴിഞ്ഞിട്ടും ബിജെപിയുടെ തൃപ്പങ്ങട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ ബാലപീഡകൻ പത്മരാജൻ എന്ന അധ്യാപകനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നത് അതീവ ഗൗരവതരവും പോലീസിന്റെ ഗുരുതരമായ വീഴ്ചയുമാണെന്ന് ഷാനിമോള്‍ ഉസ്മാന്‍ കത്തില്‍ പറയുന്നു. കോടതി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടും വീണ്ടും പലതവണ പോലീസ് കുട്ടിയെ ആവർത്തിച്ച് ചോദ്യം ചെയ്യുന്നതായി മനസ്സിലാക്കുന്നു. ഇത് കേവലം ഒൻപതു വയസ്സ് മാത്രമുള്ള കുട്ടിയുടെ മനോനില തകർക്കും എന്നതിൽ സംശയമില്ല. മാത്രമല്ല പ്രതിയെ രക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗം ആണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എംഎല്‍എ കുറ്റപ്പെടുത്തി. എത്രയും പെട്ടെന്ന് ബിജെപി നേതാവായ പ്രതിയെ അറസ്റ്റ് ചെയ്യുവാൻ മുൻകൈയെടുക്കണമെന്നും ഷാനിമോള്‍ ഉസ്മാന്‍ ആവശ്യപ്പെട്ടു.

കത്തിന്‍റെ പൂർണ്ണ രൂപം :

ശ്രീമതി. കെ. കെ. ശൈലജ ടീച്ചർ
ബഹു. ആരോഗ്യവും സാമൂഹ്യനീതിയും
വനിത ശിശു വികസനവും വകുപ്പ് മന്ത്രി

ബഹുമാനപ്പെട്ട ടീച്ചർ,

ഈ ലോക് ഡൗൺ കാലത്ത് ഈ വിഷുദിനത്തിൽ ഇങ്ങനെയൊരു കത്ത് എഴുതേണ്ടിവന്നതിൽ അതിയായ ഖേദം രേഖപ്പെടുത്തുന്നു.

അങ്ങയുടെ മണ്ഡലത്തിലെ ഒരു നാലാം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂളിലെ തന്നെ ഒരദ്ധ്യാപകൻ നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ വിഷയം അങ്ങേയ്ക്ക് അറിവുള്ളതാണല്ലോ. നിർധനരും നിരാലംബരുമായ ഈ കുടുംബത്തിന്റെ ഇന്നത്തെ അവസ്ഥ അതീവ ദയനീയമാണ്. പോക്സോ നിയമപ്രകാരം കേസെടുത്തിട്ട് ഒരുമാസം കഴിഞ്ഞിട്ടും ബിജെപിയുടെ തൃപ്പങ്ങട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ ബാലപീഡകൻ പത്മരാജൻ എന്ന അധ്യാപകനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നത് അതീവ ഗൗരവതരവും പോലീസിന്റെ ഗുരുതരമായ വീഴ്ചയുമാണെന്ന് അറിയിക്കട്ടെ. കോടതി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടും വീണ്ടും പലതവണ പോലീസ് കുട്ടിയെ ആവർത്തിച്ച് ചോദ്യം ചെയ്യുന്നതായി മനസ്സിലാക്കുന്നു. ഇത് കേവലം ഒൻപതു വയസ്സ് മാത്രമുള്ള കുട്ടിയുടെ മനോനില തകർക്കും എന്നതിൽ സംശയമില്ല. മാത്രവുമല്ല ഇത് പ്രതിയെ രക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗം ആണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. കക്ഷിരാഷ്ട്രീയത്തിനതീതമായി കേരള സമൂഹത്തിന്റെ പ്രതിഷേധം ഇക്കാര്യത്തിൽ ഉള്ളതായി ഞാൻ മനസ്സിലാക്കുന്നു.

എത്രയും പെട്ടെന്ന് ബിജെപി നേതാവായ പ്രതിയെ അറസ്റ്റ് ചെയ്യുവാൻ അങ്ങ് മുൻകൈയെടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു. കേരളത്തിൽ വർദ്ധിച്ചുവരുന്ന ബാല പീഡനങ്ങളുടെ അവസാനത്തെ ഉദാഹരണമാണ് ഇത് എന്ന് ചൂണ്ടിക്കാണിക്കട്ടെ.

വിശ്വസ്തതയോടെ,
ഷാനിമോൾ ഉസ്മാൻ എംഎൽഎ