ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച പുതിയ അഞ്ച് എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്തു

Jaihind News Bureau
Monday, October 28, 2019

പുതിയതായി തെരഞ്ഞെടുക്കട്ടെ അംഗങ്ങൾ എം.എൽ എ മാരായി സത്യപ്രതിജ്ഞ ചെയ്തു.നിയമസഭയിൽ സ്പീക്കർ പി. ശ്രീരാമകൃഷണൻ മുമ്പാകെയാണ് പുതിയ അഞ്ച് അംഗങ്ങൾ സത്യപ്രതി ചെയ്തത്. ചോദ്യോത്തരവേളയ്ക്കു പിന്നാലെ അന്തരിച്ച ഷീലാ ദീക്ഷിത്തിനും മുന്‍ മന്ത്രി ദാമോദരന്‍ കാളാശ്ശേരിക്കും ചരമോപചാരം അര്‍പ്പിച്ച ശേഷമായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. യുഡിഎഫ് എംഎൽഎമാരായ എം സി ഖമറുദ്ദീനും ഷാനിമോള്‍ ഉസ്മാനും ടി ജെ വിനോദും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ഇടതുപക്ഷ എംഎൽഎമാരായ കെ യു ജനീഷ് കുമാറും വി കെ പ്രശാന്തും സഗൗരവം സത്യപ്രതിജ്ഞ ചെയ്തു.

മഞ്ചേശ്വരത്ത് വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി എം സി ഖമറുദ്ദീൻ, എറണാകുളം മണ്ഡലത്തിൽ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദ്, അരൂരിൽ ജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാൻ, കോന്നിയിൽ ജയിച്ച എൽഡിഎഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാര്‍, വട്ടിയൂര്‍ക്കാവിൽ ജയിച്ച എൽഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് എന്നിവരാണ് നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്തത്.

ഷാനിമോള്‍ ഉസ്മാൻ അരൂര്‍ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തത് അള്ളാഹുവിന്‍റെ നാമത്തിലാണ്.

എറണാകുളം എംഎൽഎയായി ടി ജെ വിനോദ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് കൂടിയായ എംസി ഖമറുദ്ദീൻ കന്നഡ ഭാഷയിൽ സത്യപ്രതിജ്ഞ ചെയ്ത് ശ്രദ്ധ നേടി. അന്തരിച്ച മുൻ മഞ്ചേശ്വരം എംഎൽഎ പി ബി അബ്ദുള്‍ റസാഖും കന്നഡ ഭാഷയിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തിരുന്നത്.

സത്യപ്രതിജ്ഞ ചെയ്ത അഞ്ച് എംഎൽഎമാരെയും സ്പീക്കര്‍ ശ്രീരാമകൃഷ്ണൻ നിയമസഭയിലേയ്ക്ക് സ്വാഗതം ചെയ്തു. ഇടതുപക്ഷത്തോടൊപ്പം നിന്ന അരൂര്‍ മണ്ഡലത്തിൽ ചരിത്ര ജയം നേടിയതിന്‍റെയും മഞ്ചേശ്വരത്ത് മികച്ച ഭൂരിപക്ഷത്തിൽ സീറ്റ് നിലനി‍ര്‍ത്തിയതിന്‍റെയും ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. പ്രതിപക്ഷ നിരയിലെ ആദ്യ വനിതാ എംഎൽഎയാണ് ഷാനിമോള്‍ ഉസ്മാൻ.