സർക്കാറിന് മംഗളപത്രം എഴുതലല്ല പ്രതിപക്ഷത്തിന്‍റെ ജോലി: രമേശ് ചെന്നിത്തല

Jaihind Webdesk
Wednesday, August 29, 2018

സർക്കാറിന് മംഗളപത്രം എഴുതലല്ല പ്രതിപക്ഷത്തിന്‍റെ ജോലി എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ മനസിലാക്കണം. ഓഖി ദുരിത്വാശ്വാസ ഫണ്ടിന്‍റെ ഗതി ഇത്തവണ ഉണ്ടാകരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ദുരിതാശ്വാസ ക്യാമ്പുകളെ രാഷ്ട്രീയവത്ക്കരിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായമായി ഒരു ചില്ലിക്കാശ് പോലും ലഭിച്ചില്ലെന്നും ഓഖി ഗുരിതാശ്വാസ ഫണ്ടിന്‍റെ ഗതി ആവര്‍ത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എത്ര രൂപ ചെലവഴിച്ചെന്നതിന്‍റെ കണക്ക് സര്‍ക്കാര്‍ ഇപ്പോഴും പറയുന്നില്ല. നിയമസഭയില്‍ ഒരു കണക്കും പുറത്ത് മറ്റൊരു കണക്കുമാണ് സര്‍ക്കാര്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ലഭിക്കുന്ന തുക പ്രത്യേക അക്കൌണ്ടിലേക്ക് മാറ്റണമെന്നും കൃത്യമായി ചെലവഴിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു കാലത്ത് വേള്‍ഡ് ബാങ്കിനെയും ഐ.എം.എഫിനെയും എതിര്‍ത്തവര്‍ ഇപ്പോള്‍ സഹായാഭ്യര്‍ഥന നടത്തുന്നത് കാണുമ്പോള്‍‌ സന്തോഷം തോന്നുകയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്‍പന്തിയിലുണ്ടാകുമെന്നും കെ.പി.സി.സി നിര്‍മിച്ചുനല്‍കുന്ന 1,000 വീടുകളുടെ നിര്‍മാണപ്രവര്‍ത്തനം ഉടന്‍തന്നെ ആരംഭിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.