തന്ത്രിയ്ക്കെതിരായ പരാമര്‍ശം മുഖ്യമന്ത്രിയുടെ പദവിയ്ക്ക് ചേരാത്തത്: രമേശ് ചെന്നിത്തല

Jaihind Webdesk
Wednesday, October 24, 2018

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി വർഗ്ഗീയ ദ്രുവീകരണം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടേത് മന:പൂർവ്വം പ്രകോപനം സൃഷ്ഠിക്കാൻ വേണ്ടിയുള്ള നടപടിയാണെന്നും ദേവസ്വം ബോർഡ്‌ പിരിച്ച് വിടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

തന്ത്രിയ്ക്കെതിരായ പരാമര്‍ശം മുഖ്യമന്ത്രിയുടെ പദവിയ്ക്ക് ചേരാത്തതെന്നും അദ്ദേഹം പറഞ്ഞു. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന രീതിയിലായിരുന്നു മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രസംഗം. ദേവസ്വം ബോർഡ്‌ വരുതിയിൽ വരുന്നില്ലെന്ന് കണ്ടാണ് ബോർഡിനെ നിരന്തരം മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുന്നതെന്നും തന്‍റെ ഉത്തരവ് നടപ്പിലാകാത്തതിന്‍റെ അമർഷമാണ് മുഖ്യമന്ത്രി കാണിക്കുന്നത്. പാർട്ടി പ്രവർത്തകരുടെ കൈയ്യടിയുടെ അടിസ്ഥാനത്തിലല്ല മുഖ്യമന്ത്രി സംസാരിക്കേണ്ടത്.

ആചാരങ്ങളിലും പൂജാ കാര്യങ്ങളിലും തന്ത്രി ആണ് അവസാന വാക്ക് എന്നും ദേവസ്വം ബോർഡ്‌ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ടെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. മുണ്ടിന്‍റെ കൊന്തലയിൽ താക്കോൽകെട്ടി നടക്കുന്ന ഉത്തരവാദിത്വം മാത്രം അല്ല തന്ത്രിക്ക് ഉള്ളതെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം. ശബരിമലയിലെ ആചാരങ്ങളെയും വിശ്വാസങ്ങളേയും വെല്ലുവിളിക്കാൻ മുഖ്യമന്ത്രിക്ക് അധികാരമില്ലെന്നും അത് തിരുത്താൻ മുഖ്യമന്ത്രിക്ക് സാധിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേവസ്വം പ്രസിഡന്‍റിനെ ദിനംപ്രതി മുക്കാലിൽ കെട്ടി അടിക്കുന്ന നടപടിയാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ശബരിമല വിഷയം ഇത്രയധികം സങ്കീർണമാക്കിയത് മുഖ്യമന്ത്രിയുടെ പിടിവാശിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോടതി വിധി വന്നാൽ പാലിക്കേണ്ട നടപടികൾ സർക്കാർ പാലിച്ചില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഇനി ശബരിമലയില്‍ കൃഷ്ണപ്പരുന്ത് പറക്കുന്നതും പിണറായിയും പൊളിറ്റ്ബ്യൂറോയും തീരുമാനിക്കുന്നത് പോലെ ആകുമോ എന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.