എക്സൈസ് വകുപ്പ് സി.പി.എമ്മിന്‍റെ ധനസമാഹാരണ മാര്‍ഗം: രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, October 9, 2018

എക്സൈസ് വകുപ്പ് സി.പി.എമ്മിന്‍റെ ധനസമാഹാരണത്തിനുള്ള വകുപ്പായി മാറിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പുതുതായി 86 ബാറുകള്‍ അനുവദിച്ചതില്‍ കോടികളുടെ അഴിമതിയുണ്ട്. ഇക്കാര്യത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മൌനം ദുരൂഹമാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

ബ്രൂവറി-ഡിസ്റ്റിലറി അനുമതി റദ്ദാക്കിയതുകൊണ്ടുമാത്രം വിഷയം അവസാനിക്കുന്നില്ല. ഇക്കാര്യത്തില്‍ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ട്. മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും വ്യക്തമായ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമിക അന്വേഷണം പോലും നടത്താതെ ബ്രൂവറിക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി നല്‍കിയതിന് പിന്നില്‍ സാമ്പത്തിക താല്‍പര്യം മാത്രമാണ്. എല്ലാം നിയമപരമായിരുന്നുവെങ്കില്‍ എന്തിനാണ് അനുമതി റദ്ദാക്കിയതെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. അഴിമതി ബോധ്യപ്പെട്ടതിനാല്‍ മുഖം രക്ഷിക്കാനുള്ള നടപടി മാത്രമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. എക്സൈസ് മന്ത്രിയോടും മുഖ്യമന്ത്രിയോടും ചോദിച്ച ചോദ്യങ്ങള്‍ക്ക് ഇപ്പോഴും അവര്‍ക്ക് മറുപടിയില്ല.

ശബരിമല വിഷയത്തില്‍ ബി.ജെപിക്ക് രഹസ്യ അജണ്ടയുണ്ടെന്ന് രമേശ് ചെന്നിത്തല. എന്തുകൊണ്ട് നിയമനിര്‍മാണം ആവശ്യപ്പെട്ട് ബി.ജെ.പി കേന്ദ്രത്തെ സമീപിക്കുന്നില്ല എന്നു ചോദിച്ച അദ്ദേഹം ഇതേ സമീപനം തന്നെയാണ് സി.പി.എമ്മിനെന്നും വ്യക്തമാക്കി. എല്ലാ മതവിശ്വാസങ്ങളെയും കടന്നാക്രമിക്കുന്ന നിലപാടാണ് സി.പി.എമ്മിനുള്ളത്. ബി.ജെ.പിയും ഈ നിലപാടാണ് സ്വീകരിക്കുന്നത്. ഏക സിവില്‍‌ കോഡിനായി സി.പി.എമ്മും ബി.ജെ.പിയും ഒന്നിക്കുകയാണ്. വര്‍ഗീയ ധ്രുവീകരണത്തിന് സി.പി.എമ്മും ബി.ജെ.പിയും മത്സരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നതെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.