Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

എന്നുമുതലാണ് ക്ഷേത്രങ്ങള്‍ ആര്‍.എസ്.എസിന്‍റെ സ്വകാര്യ സ്വത്തായത്? RSS സൈബര്‍ ആക്രമണത്തെ ഭയപ്പെടില്ല; ജ്യോതിയുടെ നിലപാടിന് സോഷ്യല്‍ മീഡിയയില്‍ കയ്യടി

എന്നുമുതലാണ് ക്ഷേത്രങ്ങള്‍ ആര്‍.എസ്.എസിന്‍റെ സ്വകാര്യ സ്വത്തായത്? RSS സൈബര്‍ ആക്രമണത്തെ ഭയപ്പെടില്ല; ജ്യോതിയുടെ നിലപാടിന് സോഷ്യല്‍ മീഡിയയില്‍ കയ്യടി
ഓണദിവസം ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക ജ്യോതി വിജയകുമാര്‍. ക്ഷേത്രങ്ങള്‍ നിങ്ങളുടെ സ്വകാര്യ സ്വത്തല്ല എന്ന് കുറെ ആ.എസ്.എസ് പ്രര്‍ത്തകരുടെ മുഖത്ത് നോക്കി പറഞ്ഞുകൊണ്ടാണെന്ന് ഓണ ദിവസം തുടങ്ങിയതെന്ന് ജ്യോതി ഫേസ്ബുക്കില്‍ കുറിച്ചു. ഫാസിസം കേരളത്തിലും എത്രമാത്രം പിടിമുറുക്കിയിരിക്കുന്നു എന്ന ആശങ്ക പ്രകടിപ്പിച്ച് ക്ഷേത്രദര്‍ശനത്തിന് പോയ സമയത്തെ ദുരനുഭവം പങ്കുവെച്ച് ജ്യോതി ഫേസ്ബുക്കില്‍ ഇട്ട കുറിപ്പ് പൊതുസമൂഹം ഏറ്റെടുത്തു. ഇതോടെ സംഘടിതമായ സൈബര്‍ ആക്രമണങ്ങളും ശക്തമായി. എന്നാല്‍ ആര്‍.എസ്.എസ് സൈബര്‍ ആക്രമണത്തെ തെല്ലും ഭയക്കുന്നില്ലെന്ന ജ്യോതിയുടെ നിലപാടിനെ കയ്യടിയോടെയാണ് സോഷ്യല്‍ മീഡിയ വരവേല്‍ക്കുന്നത്. ഫാസിസം എത്ര മാത്രം കേരളത്തിലും പിടിമുറുക്കിയിരിക്കുന്നു എന്ന് ഓർമിപ്പിച്ച സംഭവം എന്ന് പറഞ്ഞാണ് ജ്യോതി കുറിപ്പിട്ടത്. ഭയപ്പെടില്ലെന്നും മിണ്ടാതിരിക്കില്ലെന്നും ആവുന്നിടത്തോളം ശബ്ദിക്കുകയും പ്രതിരോധിക്കുകയും തന്നെ ചെയ്യുമെന്നും വ്യക്തമാക്കിയാണ് ജ്യോതി കുറിപ്പ് അവസാനിപ്പിച്ചത്. പോസ്റ്റ് പൊതുസമൂഹം ഏറ്റെടുത്തതോടെ ജ്യോതിക്കെതിരായ ആര്‍.എസ്.എസ് സൈബർ ആക്രമണവും ശക്തമായി. ഇതോടെ സൈബര്‍ ആക്രമണത്തെ ഭയപ്പെടില്ലെന്ന് വ്യക്തമാക്കി ജ്യോതി രണ്ടാമത്തെ കുറിപ്പും പോസ്റ്റ് ചെയ്തു. ഇത്രയും കാലം ജീവിച്ചതും ജീവിതാവസ്ഥകളെ നേരിട്ടതും ധൈര്യത്തോടെയും ചങ്കുറപ്പോടെയുമാണെന്ന് പറയുന്ന ജ്യോതി സൈബർ ആക്രമണത്തിനു മുമ്പിൽ തലകുനിച്ച് അഭിപ്രായ സ്വാതന്ത്യം അടിയറവെക്കില്ലെന്നും വ്യക്തമാക്കി. ജീവിക്കുന്നത് ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്താണെന്ന് പറഞ്ഞുകൊണ്ടാണ് ജ്യോതി പോസ്റ്റ് അവസാനിപ്പിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് ഡി വിജയകുമാറിന്‍റെ മകളാണ് ജ്യോതി വിജയകുമാര്‍. രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുടെയെല്ലാം പ്രസംഗങ്ങള്‍ മികച്ച  രീതിയില്‍ പരിഭാഷപ്പെടുത്തിയതിലൂടെ ഏവരുടെയും പ്രശംസ നേടിയിട്ടുണ്ട് ജ്യോതി. ജ്യോതി വിജയകുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: എന്നു മുതലാണ് കേരളത്തിലെ ക്ഷേത്രങ്ങൾ ആർഎസ്എസിന്റെ സ്വകാര്യ സ്വത്തായത്? ഇത് പറയാതെ വയ്യ ഈ തിരുവോണദിവസം ഏറെ വേദനയോടെ. ഓണ ദിവസം തുടങ്ങേണ്ടി വന്നത് ഈ രാജ്യത്തെ ക്ഷേത്രങ്ങൾ നിങ്ങളുടെ സ്വകാര്യ സ്വത്തല്ല എന്ന് കുറെ ആർ എസ് എസ് പ്രർത്തകരുടെ മുഖത്ത് നോക്കി പറഞ്ഞു കൊണ്ടാണ്. എത്ര മാത്രം ഫാസിസം കേരളത്തിലും പിടിമുറുക്കിയിരിക്കുന്നു എന്ന് ഓർമ്മിപ്പിച്ച ഈ സംഭവം നല്കുന്ന ആഘാതം ചെറുതല്ല. ജനിച്ചു വളർച്ച നാടാണ് പുലിയൂർ.. ഇന്നും മിക്കവാറും അവധി ദിവസങ്ങളിൽ പുലിയൂരാണ്. ചെറുപ്പത്തിൽ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു പുലിയൂർ ക്ഷേത്രം.. ഇപ്പോൾ ആരാധനാലയങ്ങളിൽ പൊതുവെ പോകാറില്ല. ഇന്ന് തിരുവോണ ദിവസം പോയി ക്ഷേത്ര മുറ്റത്തെ അത്തപ്പൂക്കളം കുട്ടികളെ കാണിക്കാൻ അനുജത്തിയോടും അച്ഛനോടും കുട്ടികളോടുമൊപ്പം.. അച്ഛൻ പുലിയൂരിൽ ജനിച്ചു 45 വർഷങ്ങളായി ചെങ്ങന്നൂരിൽ അഭിഭാഷകനും രാഷ്ടീയ പ്രവർത്തകനും കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയും ( പുലിയൂരിലെ ആളുകൾക്ക് അപരിചിത നല്ലെന്ന് പറയാൻ വേണ്ടി മാത്രം സൂചിപ്പിച്ചത്).. ചെറിയ കുട്ടികൾക്കൊപ്പമായതിനാലും മഴയായതിനാലും അധികം പാർക്കിംഗ് സൗകര്യമില്ലാത്തതിനാലും വണ്ടി ക്ഷേത്രത്തിലേക്കുള്ള പടികൾക്ക് നേരെ താഴെ റോഡിൽ പാർക്ക് ചെയ്തു ( അതിനടുത്താണ് ആളുകൾ ചെരുപ്പുകളഴിച്ചിട്ടിരുന്നത്). നല്ല മഴയുള്ള സമയം പുറത്തേക്കിറങ്ങുമ്പോൾ കണ്ടു പരിചയമുള്ള ആൾ (അച്ഛനെ പരിചയമുണ്ടാകാതിരിക്കാൻ വഴിയില്ല) ഒട്ടും സൗഹൃദകരമല്ലാത്ത രീതിയിൽ "നിങ്ങളുടേതാണോ വണ്ടി? നിങ്ങൾക്ക് മര്യാദക്ക് പാർക്ക് ചെയ്തു കൂടേ.. നടയ്ക്ക് നേരെയാണോ പാർക്ക് ചെയ്യുന്നത്?" എന്നെന്നോട് ചോദിച്ചു. അപ്പോൾ തന്നെ അച്ഛന്റെ കയ്യിലാണ് താക്കോൽ. അച്ഛനോട് പറയാമെന്നറി യിക്കുകയും ഉടൻ തന്നെ അച്ഛൻ താഴെപ്പോയി വണ്ടി മാറ്റുകയും ചെയ്തു. പോയി നോക്കിയപ്പോൾ വണ്ടിക്കു താഴെ ചെരിപ്പുകൾ ഉണ്ടായിരുന്നില്ല. ആ വ്യക്തി സംസാരിച്ച, പെരുമാറിയ രീതി വല്ലാണ്ട് അസ്വസ്ഥമാക്കി, പ്രത്യേകിച്ചും എല്ലാ രാഷ്ട്രീയ വ്യത്യാസങ്ങൾക്കു മതീതമായി മനുഷ്യർ തമ്മിൽ ഒരു സ്നേഹമുണ്ടെന്ന് വിശ്വസിക്കുന്ന ഒരു നാട്ടുമ്പുറത്ത്. സാധാരണ നമ്മുടെ എന്തെങ്കിലും ശ്രദ്ധക്കുറവ് മൂലം ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാകുന്നത് ചൂണ്ടിക്കാണിക്കുമ്പൊ ക്ഷമ ചോദിച്ച് തിരുത്താറാണ് പതിവ്. പക്ഷേ ഇവിടെ വണ്ടിയുടെ പാർക്കിംഗിനപ്പുറം മറ്റെ ന്തോ ആണ് പ്രശ്നമെന്ന് തോന്നി ."ചേട്ടാ ഓണദിവസമല്ലേ.. ഇങ്ങനെയല്ലല്ലോ ഇവിടെയൊക്കെ നമ്മൾ പെരുമാറുക. കുറച്ചു കൂടി മര്യാദയോടെ സംസാരിക്കാമല്ലോ. കാര്യം പറഞ്ഞാൽ മതിയായിരുന്നല്ലോ" എന്ന് തിരിച്ചു ചോദിച്ചു, ഉള്ള അമർഷം വ്യക്തമാക്കിത്തന്നെ. അതിനു മറുപടി രണ്ടു മൂന്നു പേർ കൂടിത്തന്നത് " അമ്പലവുമായി ബന്ധപ്പെട്ട എന്തു കാര്യങ്ങളും ഞങ്ങൾ ചോദ്യം ചെയ്യും. നിങ്ങളാ രാണ്" എന്നാണ്. അപ്പോൾ "നിങ്ങളാരാണ്..ഞാനും ഈ നാട്ടിൽ ജനിച്ചു വളർന്നതാണ്.. ആദ്യമായാണ് ഇങ്ങനെയൊരനുഭവം നാട്ടിൽ നിന്നുണ്ടാകുന്നത് " എന്നായിരുന്നു. പിന്നെ രൂക്ഷമായ നോട്ടത്തോടെ മതത്തിന്റെയും ക്ഷേത്രത്തിന്റെയും "സംരക്ഷകരുടെ " ഭീഷണിയുടെ ശബ്ദമുയർന്നു. ആർ എസ് എസിന്റെ പ്രവർത്തകരാണെന്ന സംശയം അന്വേഷിച്ചപ്പോൾ ശരിയാണെന്നറിഞ്ഞു അവിടെ നിന്നവരിൽ നിന്നും. നിങ്ങൾ ക്ഷേത്രത്തിന്റെ ഔദ്യോഗിക കമ്മിറ്റിയുടെ ആളുകളാണോ, നിങ്ങളെ ആരാണ് ക്ഷേത്രത്തിലെ കാര്യങ്ങളുടെ ചുമതലയേൽപ്പിച്ചത് എന്ന ചോദ്യത്തിന് "നിങ്ങൾക്കറിയേണ്ട കാര്യമില്ല " എന്നായിരുന്നു മറുപടി. " നിങ്ങളെ ആരാണ് ക്ഷേത്രങ്ങളുടെ സംരക്ഷകരും എന്നു മുതലാണ് അമ്പലങ്ങൾ നിങ്ങളുടെ സ്വത്തായതെന്നും" എല്ലാ ആത്മരോഷത്തോടെ യും ചോദിച്ച് " ക്ഷേത്രങ്ങൾ എല്ലാവരുടേതുമാണെന്നും രാഷ്ട്രീയം കളിക്കേണ്ടതിവിടെയല്ല എന്നും അങ്ങനെ ചെയ്യുമ്പോൾ ചോദ്യം ചെയ്യുമെന്നും" എനിക്കാകുമാറുറക്കൈ പറഞ്ഞിട്ടാണ് ആ കൂർത്ത നോട്ടങ്ങളുടെയും ആളുകളുടെയുമിടയിൽ നിന്ന് മടങ്ങിയത്.. മനസ്സ് വേദനിക്കുകയാണ്..എത്ര രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടങ്കിലും നാട്ടിൻ പുറങ്ങളെ ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെ, കരുതലിന്റെ ഒരു ബന്ധം ഇല്ലാണ്ടാകുന്നതിൽ... ഓടിക്കളിച്ചു വളർന്ന ക്ഷേത്ര മുറ്റത്തിന്റെ ഉടമസ്ഥാവകാശം ആർ എസ് എസിന്റേതായി മാറിക്കൊണ്ടിരിക്കുന്നതിൽ.. സ്വന്തം നാട്ടിലും അന്യതാബോധം അന്യമല്ല എന്നു തിരിച്ചറിയുന്നതിൽ..എന്റെ കേരളത്തെക്കുറിച്ച് എത്ര കാലം എനിക്കഭിമാനിക്കാനാകും എന്ന ആശങ്ക വളരുന്നതിൽ .. ഇപ്പൊ കശ്മീരിനെയും ആസാമിനേയും ഏറെ മനസ്സിലാകുന്നു.. എങ്ങനെയാണ് ഇന്ന് സമാധാനമായി ഓണസദ്യയുണ്ണുക? (ഭയപ്പെടില്ല.. മിണ്ടാതിരിക്കില്ല.. ആവുന്നിടത്തോളം ശബ്ദിക്കുകയും പ്രതിരോധിക്കുകയും തന്നെ ചെയ്യും..) ജ്യോതിയുടെ രണ്ടാമത്തെ ഫേസ്ബുക്ക് പോസ്റ്റ് ഇത്രയും കാലം ജീവിച്ചതും വിവിധ ജീവിതാവസ്ഥകളെ നേരിട്ടതും അത്യാവശ്യം ധൈര്യത്തോടെയും ചങ്കുറപ്പോടെയുമാണെന്ന് വിശ്വസിക്കുന്നു.. ഇനിയും അങ്ങനെ തുടരാനാണ് താല്പര്യം.ഭയപ്പെടാനും സൈബർ ആക്രമണത്തിനു മുമ്പിൽ തലകുനിച്ച് അഭിപ്രായ സ്വാതന്ത്യം ഒന്നിനു മുമ്പിലും അടിയറ വയ്ക്കാനും അല്പം പോലും തയ്യാറല്ല.. ഇന്നലെ, വ്യക്തിപരമായ ഏറെ വേദനിപ്പിച്ച, ഈ രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ഏറെ ആശങ്കയുയർത്തുന്ന ചിന്തകളിലേക്ക് നയിച്ച, ഒരു അനുഭവത്തെക്കുറിച്ച് ഉത്തമബോദ്ധ്യത്തോടെ തന്നെയാണ് എഴുതിയത്. ഇത്തരം ഒരു ചർച്ചയുണ്ടാകുമെന്നു മുൻകൂട്ടിക്കണ്ടുമല്ല എഴുതിയത്. ആ അഭിപ്രായത്തെ സഭ്യേതരമായ, സംഘടിതമായ കൂട്ട സൈബർ അധിക്ഷേപങ്ങളിലൂടെ, ആക്രമണങ്ങളിലൂടെ, ഇല്ലാതാക്കാമെന്നും അപ്രസക്തമാക്കാമെന്നും നിശ്ശബ്ദമാക്കാമെന്നും പതിവു രീതിയിൽ കരുതിയെങ്കിൽ തെറ്റി.. അനുഭവിച്ചത് അനുഭവിച്ചതു തന്നെയാണ്.. പറഞ്ഞത് പറഞ്ഞതു തന്നെയാണ്.. പറയേണ്ടി വരുമ്പോൾ പൂർണ്ണ ബോദ്ധ്യത്തോടെ പറയേണ്ടവ ഇനിയും പറയുക തന്നെ ചെയ്യും. മനസ്സിലാക്കിയ, പിന്തുണച്ച സൈബർ ലോകത്തെയും പുറത്തെയും എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി. അതോടൊപ്പം സൈബർ ആക്രമണം എന്താണെന്ന് നേരിട്ട് മനസ്സിലാക്കിത്തന്ന മറുഭാഗത്തിനും അതിന് ആഹ്വാനം ചെയ്തവർക്കും നന്ദി.. പതറിയിട്ടില്ല.. പതറുകയുമില്ല... നിശ്ശബ്ദമാകുകയുമില്ല. ജീവിക്കുന്നത് ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്താണ്...

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in