വയനാട് നെല്ലിയമ്പം ഇരട്ടക്കൊലക്കേസ്; പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി
Jaihind TV News Report
Jaihind TV Web Desk
April 29, 2024
1 min read
•
Updated: June 04, 2026
വയനാട്: നെല്ലിയമ്പം ഇരട്ടക്കൊലക്കേസിലെ പ്രതിക്ക് വധശിക്ഷ. മോഷണ ശ്രമത്തിനിടെ റിട്ടയേർഡ് അധ്യാപകൻ പത്മാലയത്തിൽ കേശവൻ, ഭാര്യ പത്മാവതി എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അയൽവാസിയായ അർജുനെതിരെ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്.
2021 ജൂൺ 10ന് രാത്രിയാണ് അർജുൻ വയോധിക ദമ്പതികളായ കേശവനെയും ഭാര്യ പത്മാവതിയെയും മോഷണ ശ്രമത്തിനിടെ വെട്ടിക്കൊന്നത്. നെല്ലിയമ്പത്തെ വീട്ടില്‍ വെട്ടേറ്റ നിലയിൽ അയല്‍വാസികളാണ് ദമ്പതികളെ ആദ്യം കണ്ടത്. വയറിനും തലക്കും വെട്ടേറ്റ കേശവന് സംഭവസ്ഥലത്ത് തന്നെ മരിച്ചു. നെഞ്ചിനും കഴുത്തിനും ഇടയില്‍ കുത്തേറ്റ പത്മാവതി വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പനമരം, നീര്‍വാരം സ്കൂളുകളിലെ കായികാധ്യാപകനായിരുന്നു മരിച്ച കേശവന്. സംഭവം കഴിഞ്ഞ് മൂന്നു മാസത്തിനുശേഷം സെപ്റ്റംബർ 17നാണ് പ്രതിയും അയൽവാസിയുമായ നെല്ലിയമ്പം കായക്കുന്ന് കുറുമക്കോളനിയിലെ അർജുൻ അറസ്റ്റിലാവുന്നത്.
2021 ജൂണ്‍ ഒമ്പതിനു മാനന്തവാടി ഡിവൈഎസ്പിയുടെ കാര്യാലയത്തില്‍ ചോദ്യം ചെയ്യുന്നതിനിടെ പുറത്തേക്കോടിയ അര്ജുന് വിഷം കഴിച്ച് ആത്മഹത്യക്കും ശ്രമിച്ചിരുന്നു. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കുശേഷം വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്. അഞ്ചുലക്ഷത്തോളം മൊബൈല്‍ ഫോണ്‍ കോളുകളും 150ഓളം സിസിടിവി ക്യാമറ ദൃശ്യങ്ങളും പരിശോധിച്ച അന്വേഷണ സംഘം മൂവായിരത്തോളം പേരെ ചോദ്യം ചെയ്തിരുന്നു. താഴെ നെല്ലിയമ്പത്തു കാപ്പിത്തോട്ടത്തിലാണ് ദമ്പതികളുടെ ഇരുനില വീട്. രാത്രി നിലവിളികേട്ട് നാട്ടുകാര്‍ വീട്ടിലെത്തിയപ്പോള്‍ മുന്‍വാതില്‍ തുറന്നുകിടക്കുകയായിരുന്നു. അകത്തു നോക്കിയപ്പോഴാണ് ഹാളില്‍ സോഫയില്‍ രക്തംവാര്‍ന്ന് കിടക്കുന്ന നിലയില്‍ കേശവനെ കണ്ടത്. സംഭവസമയം വീട്ടില്‍ ദമ്പതികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പ്രതിയെ തിരിച്ചറിയാന്‍ പത്മാവതിക്കു കഴിഞ്ഞിരുന്നില്ല. ഫോറൻസിക് പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ ഉദ്യോഗസ്ഥനുൾപ്പെടെ 74 സാക്ഷികളെയാണ് വിസ്തരിച്ചത്. 181 രേഖകളും 38 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ഡിസംബർ 20നാണ് കേസിന്റെ വിചാരണ പൂർത്തിയായത്. കൊലക്കുറ്റത്തിനു വധ ശിക്ഷ വിധിച്ച കോടതി, വീട്ടിൽ അതിക്രമിച്ചു കയറലിന് 10 വർഷം തടവും ഒരു ലക്ഷം പിഴയും തെളിവ് നശിപ്പിക്കലിന് 7 വർഷം തടവും ഒരു ലക്ഷം പിഴയും വിധിച്ചിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10