Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വിട്ടുമാറാത്ത വയറിളക്കം കുടൽ കാൻസറിന്റെ ലക്ഷണമാകാം; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്!

വിട്ടുമാറാത്ത വയറിളക്കം കുടൽ കാൻസറിന്റെ ലക്ഷണമാകാം; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്!



പലരും നിസ്സാരമായി കാണുന്ന ഒരു രോഗാവസ്ഥയാണ് വയറിളക്കം. പെട്ടെന്നുണ്ടാകുന്ന വയറിളക്കത്തിന് പ്രധാന കാരണം ഭക്ഷ്യവിഷബാധയാകാം. തിരക്കേറിയ ജീവിതത്തിൽ വൃത്തിഹീനമായ സ്ഥലങ്ങളിൽ നിന്നുള്ള ഭക്ഷണം ഒഴിവാക്കുകയും കുടിക്കുന്ന വെള്ളത്തിൽ ശുചിത്വം പാലിക്കുകയും ചെയ്താൽ പെട്ടെന്നുണ്ടാകുന്ന വയറിളക്കത്തെ പ്രതിരോധിക്കാം. ഭക്ഷണശാലകളിലെ പുറംമോടി കണ്ടുമാത്രം ഭക്ഷണം കഴിക്കുന്നവർക്കും ഭക്ഷ്യവിഷബാധയേൽക്കുന്നത് സാധാരണമാണ്. ഫ്രിജിൽ ദീർഘനാൾ സൂക്ഷിച്ചിട്ട് വീണ്ടും വീണ്ടും ചൂടാക്കി നൽകുന്ന ഭക്ഷണമോ, ശരിയായി വേകാത്ത വിഭവങ്ങളോടൊപ്പം വിളമ്പുന്ന മയണൈയിസോ ഇതിൽ വില്ലനാകാം.

സാധാരണയായി ഒന്നോ രണ്ടോ ദിവസം കൊണ്ട് ശമനമുണ്ടാകുമെങ്കിലും നീണ്ടുനിൽക്കുന്ന വയറിളക്കം ചിലപ്പോൾ ഗുരുതരമായ രോഗങ്ങളുടെ ലക്ഷണമാകാം. തൊണ്ണൂറു ശതമാനം വയറിളക്കവും വിദഗ്ധ ചികിൽസ തേടിയാൽ ഒരാഴ്ച കൊണ്ടു മാറുന്നതാണ്. സാധാരണയായി ഇത് രണ്ടു രീതിയിലാണ് കണ്ടുവരുന്നത്. ഇൻഫെക്‌ഷൻ മൂലമോ ബാക്ടീരിയ അല്ലെങ്കിൽ വൈറസ് മൂലമോ ഉണ്ടാകുന്ന 'അക്യൂട്ട് ഡയറിയ' മൂന്നാഴ്ചയിൽ അധികം നീണ്ടുനിൽക്കാറില്ല. എന്നാൽ മൂന്നാഴ്ചയിലധികം നീണ്ടുനിൽക്കുന്ന അവസ്ഥ 'ക്രോണിക് ഡയേറിയ' എന്നാണ് അറിയപ്പെടുന്നത്. തീവ്രത കുറവായതു കൊണ്ടും ദിവസം മൂന്നോ നാലോ തവണ വയറിളകിയാലും വലിയ ബുദ്ധിമുട്ടുകളോ ക്ഷീണമോ കാണിക്കാത്തതിനാലും ചിലർ ഈ രോഗത്തെ അവഗണിക്കാറുണ്ട്. എന്നാൽ ഇങ്ങനെയൊരു അവസ്ഥ അനുഭവപ്പെട്ടാൽ ഒട്ടും അവഗണിക്കാൻ പാടില്ല.

ഇൻഫ്ലമേറ്ററി ബൗവൽ ഡിസീസ് (IBD), ഇറിറ്റബിൾ ബൗവൽ സിൻഡ്രോം (IBS), കുടൽ കാൻസർ, കുടലിൽ വരുന്ന പലതരത്തിലുള്ള അൾസർ, ട്യൂബർക്കുലോസിസ് (ടിബി) എന്നിവയുടെ ഭാഗമായി വയറിളക്കം വരാം. കുടലിന് ടിബി വരാം എന്നുള്ള കാര്യം പലർക്കും അറിയില്ല. വൻകുടലും ചെറുകുടലും ചേർന്നിരിക്കുന്ന ഭാഗത്താണ് സാധാരണ വയറിളക്കം ഉണ്ടാകുന്ന വിധത്തിൽ ടിബി വരിക. നീണ്ടുനിൽക്കുന്ന വയറിളക്കത്തിന്റെ കൂടെ വയറ്റിൽനിന്ന് രക്തം പോകുക, ശരീരത്തിന്റെ ഭാരം കുറയുക, വയറിൽ സ്തംഭനാവസ്ഥ ഉണ്ടാകുക തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകാൻ സാധ്യതയുണ്ട്. എച്ച്ഐവി ബാധിതരായവരിലും വയറിളക്കത്തിന് സാധ്യത കൂടുതലാണ്.

നീണ്ടുനിൽക്കുന്ന വയറിളക്കത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായ ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് (IBD) അൾസറേറ്റീവ് കൊളൈറ്റിസ്, ക്രോൺസ് രോഗം എന്നിങ്ങനെ രണ്ടുവിധത്തിലുണ്ട്. മലദ്വാരത്തിൽ കൂടി ക്യാമറ ട്യൂബ് കടത്തിവിട്ടുള്ള 'കൊളോണോസ്കോപ്പി' പരിശോധന വഴിയാണ് ഈ രോഗം പ്രധാനമായും നിർണയിക്കുന്നത്. ഈ പരിശോധനയിൽ കുടലിൽ നിരനിരയായി അൾസർ കാണപ്പെടാം. ഈ അൾസറിൽനിന്ന് ബയോപ്സി എടുത്താണ് രോഗം സ്ഥിരീകരിക്കുന്നത്. ഈ രോഗാവസ്ഥയുള്ളവർക്ക് ബ്ലഡ് കൗണ്ട് കൂടുതലായിരിക്കും.

മറ്റൊരു കാരണമായ ഇറിറ്റബിൾ ബവൽ സിൻഡ്രോം (IBS) രോഗാവസ്ഥയിൽ ഒരിക്കലും കുടലിൽ അല്ലെങ്കിൽ മലത്തിൽ രക്തം കാണില്ല. രക്തത്തിന്റെ അളവ് കുറയുകയോ കൗണ്ടിൽ വ്യത്യാസമോ ഉണ്ടാകില്ല. ഇടവിട്ടുള്ള ലക്ഷണങ്ങൾ കാണിക്കുന്ന ഐബിഎസ് പരിശോധനകളിൽ പെട്ടെന്ന് പിടിതരാത്ത ഒന്നാണ്. പല പരിശോധനാ ഫലങ്ങളും സാധാരണ നിലയിലായിരിക്കുമെന്നതിനാൽ രോഗമില്ലെന്ന ചിന്ത രോഗിക്കുണ്ടാകാം. ഈ വിട്ടുമാറാത്ത ലക്ഷണങ്ങൾ രോഗിക്ക് മാനസിക സംഘർഷം നൽകാറുണ്ട്. ഇതിന്റെ രോഗനിർണയത്തിനും കൊളോണോസ്കോപ്പി പരിശോധന അനിവാര്യമാണ്. ആദ്യഘട്ടത്തിൽ വിദഗ്ധ ചികിത്സ ലഭിച്ചാൽ ഐബിഎസ് ഭേദമാക്കാം.

മാറിമാറി വയറിളക്കവും മലബന്ധവും വരിക, രക്തം പോകുക, വയറുവേദന എന്നിവ അനുഭവപ്പെട്ടാൽ ചികിൽസ തേടാൻ മടിക്കരുത്. സാധാരണയായി 50 വയസ്സിനു മുകളിൽ പ്രകടമാകുന്ന ഈ രോഗലക്ഷണങ്ങൾ ഇപ്പോൾ ചെറുപ്പക്കാരിലും പ്രകടമാകുന്നത് ആശങ്കാജനകമാണ്. പലപ്പോഴും വിദഗ്ധ പരിശോധനകളിലാണ് കുടലിലെ കാൻസർ സ്ഥിരീകരിക്കുന്നത്. തുടക്കത്തിൽ തന്നെ ലക്ഷണങ്ങൾ അവഗണിച്ചാൽ രോഗാവസ്ഥ ഗുരുതരമാകും. കൊളോണോസ്കോപ്പി ചെയ്യുമ്പോൾ അൾസർ പോലെയോ കുടൽ ചുരുങ്ങിയതു പോലെയോ കാണപ്പെടുന്ന ഭാഗങ്ങളിൽ നിന്ന് ബയോപ്സി എടുത്താണ് കാൻസർ നിർണയിക്കുന്നത്.

ഇന്ത്യയിൽ കൂടുതലായി കാണപ്പെടുന്ന കുടലിലെ ടിബിയും പലരും തുടക്കത്തിൽ കാര്യമാക്കാറില്ല. വയറുവേദന, വയറിളക്കം, ഭാരം കുറയുക എന്നിവയാണ് ഇതിന്റെ പ്രകടമായ ലക്ഷണങ്ങൾ. കൊളോണോസ്കോപ്പി, സിടി സ്കാൻ എന്നിവയിലൂടെ ഇത് നിർണയിക്കാം. ഇവയ്ക്ക് പുറമെ പല മരുന്നുകളുടെ ഉപയോഗം, തൈറോയ്ഡിന്റെ പ്രവർത്തന വൈകല്യം, ഹോർമോണുകളുടെ വ്യതിയാനങ്ങൾ, ട്യൂമറുകൾ, പാൻക്രിയാസ് രോഗം, എച്ച്ഐവി പോലുള്ള അവസ്ഥകളും വയറിളക്കത്തിന് കാരണമാകാറുണ്ട്. അതിനാൽ വയറിളക്കം തനിയെ മാറുമെന്ന ചിന്ത മാറ്റി കൃത്യസമയത്ത് വിദഗ്ധ ചികിൽസ തേടുന്നതാണ് അഭിമതമെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.


Related articles

See all
Popular News

പത്തനംതിട്ടയിൽ ഇൻഫ്ലുവൻസയും പകർച്ചവ്യാധികളും പടരുന്നു; ആരോഗ്യ വകുപ്പിന്റെ കടുത്ത ജാഗ്രതാ ന...

Popular News

കേരള ഓർത്തോപീഡിക് അസോസിയേഷന്റെ 'CALLUS 2026': തിരുവനന്തപുരത്ത് ഡോക്ടർമാരുടെ മാരത്തൺ സംഘടിപ...

Popular News

1999-ന് ശേഷമുള്ള ഉയർന്ന മരണനിരക്ക്; ലോകത്ത് കോളറ ഭീതി വിതയ്ക്കുന്നതായി WHO റിപ്പോർട്ട്

Popular News

കേരളത്തെ ഹെല്‍ത്ത് ഡെസ്റ്റിനേഷനാക്കാന്‍ വന്‍ പദ്ധതികള്‍; കോഴിക്കോട് രാജ്യത്തെ ആദ്യ അവയവമാറ...

Save your stories

Sign in