തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വി. ജോയി എം.എൽ.എ. തന്നെ തുടരുമെന്ന പാർട്ടി തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് മുൻ മന്ത്രി വി. ശിവൻകുട്ടി. പ്രതിഷേധസൂചകമായി അദ്ദേഹം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്നു. വി. ജോയിയെ ഈ സ്ഥാനത്ത് നിലനിർത്തുന്നതിലുള്ള അതൃപ്തിയാണ് ശിവൻകുട്ടിയുടെ ഈ നടപടിക്ക് പിന്നിലെന്നാണ് സൂചന.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ എ.കെ.ജി സെന്ററിൽ ചേർന്ന ജില്ലയിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് വി. ജോയിയെ തന്നെ ജില്ലാ സെക്രട്ടറിയായി നിലനിർത്താൻ ധാരണയായത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്ത യോഗത്തിലായിരുന്നു ഈ തീരുമാനം. നേരത്തെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി വി. ജോയി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനിന്നിരുന്നു. തുടർന്ന് രാജ്യസഭാംഗമായ എ.എ. റഹീമിനെ താത്കാലിക സെക്രട്ടറിയായി നിയമിക്കുകയും ചെയ്തിരുന്നു.
സാധാരണയായി എം.എൽ.എമാർ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയുന്നതാണ് സി.പി.എമ്മിന്റെ പതിവ് സംഘടനാ രീതി. എന്നാൽ, തിരുവനന്തപുരം ജില്ലയിൽ പാർട്ടിക്കുള്ളിലെ രൂക്ഷമായ വിഭാഗീയതയും തർക്കങ്ങളും കണക്കിലെടുത്ത് വി. ജോയിക്ക് പദവിയിൽ നിന്ന് മാറാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ തീരുമാനത്തിനെതിരായ വി. ശിവൻകുട്ടിയുടെ വിയോജിപ്പ് പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുകയാണ്.