ന്യൂഡല്ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ സഖ്യം ഡല്ഹിയില് നടത്തുന്ന ശക്തമായ പ്രക്ഷോഭത്തില് രാഹുല് ഗാന്ധിയുടെ പോരാട്ടവീര്യത്തിനൊപ്പം ശ്രദ്ധ നേടി കോണ്ഗ്രസ് സംഘടനാ ജനറല് സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഇടപെടലുകള്. വിവിധ ഘടകകക്ഷികളെ ഒന്നിച്ചുനിര്ത്തുന്നതിലും, ഭിന്നതകളില്ലാതെ എല്ലാവരെയും ഒരേ വേദിയിലെത്തിക്കുന്നതിലും വേണുഗോപാലിന്റെ നതന്ത്രജ്ഞതയും പരിശ്രമവും നിര്ണ്ണായകമായി. ഇന്ത്യാ സഖ്യം നടത്തിയ പ്രതിഷേധ മാര്ച്ചിലും, കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെ സംഘടിപ്പിച്ച ഉച്ചവിരുന്നിലും മുഴുവന് പ്രതിപക്ഷ നേതാക്കളുടെയും സാന്നിധ്യം ഉറപ്പാക്കാന് മുന്നില് നിന്ന് പ്രവര്ത്തിച്ചത് കെ.സി. വേണുഗോപാലായിരുന്നു.
ആകാശവാണി ഭവനിലേക്ക് രാഹുല് ഗാന്ധി നടത്തിയ അപ്രതീക്ഷിത പ്രവേശനവും തുടര്ന്നുണ്ടായ കുത്തിയിരിപ്പ് സമരവും പ്രക്ഷോഭത്തിന് പുതിയൊരു മാനം നല്കിയപ്പോള്, പ്രതിപക്ഷ നേതാക്കളെ ഏകോപിപ്പിക്കുന്നതിലും തുടര്ന്നുള്ള സമരപരിപാടികള് ആസൂത്രണം ചെയ്യുന്നതിലും പ്രധാന ഉത്തരവാദിത്തം കെ.സി. ഏറ്റെടുത്തു. രാഹുല് ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മുന്നില് നിന്ന് നയിക്കുന്ന പ്രക്ഷോഭങ്ങള്ക്ക് ശക്തമായ സംഘടനാ പിന്തുണ ഉറപ്പാക്കാന് അദ്ദേഹത്തിന് സാധിച്ചു.
സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്ച്ചില് സമാജ്വാദി പാര്ട്ടി നേതാവ് അഖിലേഷ് യാദവിന്റെ സാന്നിധ്യം ഉറപ്പാക്കാന് നേരിട്ട് ഇടപെട്ടതും വേണുഗോപാലായിരുന്നു. വരും ദിവസങ്ങളിലും പ്രക്ഷോഭം കൂടുതല് കരുത്തോടെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി പ്രതിപക്ഷ ഐക്യം കാത്തുസൂക്ഷിക്കുന്നതിലും, സമരത്തിന്റെ അടുത്ത ഘട്ടങ്ങള് തീരുമാനിക്കുന്നതിലും കെ.സി. വേണുഗോപാലിന്റെ ഈ സംഘടനാ മികവ് തന്നെയാണ് പ്രധാന പങ്കുവഹിക്കുന്നത്.
ഇന്ത്യാ സഖ്യത്തെ ഒന്നിപ്പിച്ച് കെ.സി. വേണുഗോപാല്; രാഹുല് ഗാന്ധിയുടെ സമരങ്ങള്ക്ക് പിന്നിലെ സംഘടനാ കരുത്ത്