കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില് മുന് ഡിജിപി ടോമിന് ജെ. തച്ചങ്കരിയുടെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. കോട്ടയം വിജിലന്സ് പ്രത്യേക കോടതിയുടെ വിധിക്കെതിരെ തച്ചങ്കരി സമര്പ്പിച്ച അപ്പീല് ഹര്ജി പരിഗണിച്ചാണ് ജസ്റ്റിസ് എ. ബദറുദ്ദീന് ഇടക്കാല ഉത്തരവിട്ടത്.
വരുമാന സ്രോതസ്സിന് പുറമെ 52.33 ശതമാനം അനധികൃത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയതിനെ തുടര്ന്ന്, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള് പ്രകാരം തച്ചങ്കരിക്ക് നാല് വര്ഷം തടവും 30.84 ലക്ഷം രൂപ പിഴയും കോട്ടയം വിജിലന്സ് കോടതി ശിക്ഷ വിധിച്ചിരുന്നു. ഈ വിധിയും ശിക്ഷയും ചോദ്യം ചെയ്താണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്.
മുതിര്ന്ന അഭിഭാഷകന് രാമന് ബി. പിള്ള തച്ചങ്കരിക്ക് വേണ്ടി ഹാജരായി. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദങ്ങള് പൂര്ത്തിയാക്കിയ ശേഷമാണ് ഹൈക്കോടതി ശിക്ഷാവിധി മരവിപ്പിച്ചുകൊണ്ട് ഉത്തരവിറക്കിയത്.
അനധികൃത സ്വത്തുസമ്പാദന കേസ്: ടോമിന് തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി