രാജ്യത്ത് തിരഞ്ഞെടുപ്പ് അട്ടിമറി നടന്നതായി സംശയിക്കപ്പെടേണ്ട സാഹചര്യം; 6.5 ലക്ഷം വോട്ടിംഗ് മെഷീനുകള്‍ തിരിച്ചുവിളിച്ച സംഭവം ആശങ്കപ്പെടുത്തുന്നത്; കേന്ദ്രം അന്വേഷണം പ്രഖ്യാപിക്കണം: കെ സുധാകരന്‍ എംപി
തിരുവനന്തപുരം: കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ ഉപയോഗിച്ച 6.5 ലക്ഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ കേടുപാടുകള്‍ ഉള്ളതായിരുന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരിച്ചുവിളിച്ചെന്നുമുള്ള റിപ്പോർട്ട് അതീവ ഗുരുതരമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. ജനാധിപത്യത്തിൻറെ ഭാവി തന്നെ തുലാസിൽ ആക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രാജ്യത്ത് തിരഞ്ഞെടുപ്പ് അട്ടിമറി പോലും നടന്നതായി സംശയിക്കപ്പെടേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വിഷയത്തിൽ അന്വേഷണം പ്രഖ്യാപിക്കാനും തെരഞ്ഞെടുപ്പിലെ സുതാര്യത ഉറപ്പുവരുത്താനും കേന്ദ്രസർക്കാർ ഉടൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ സുധാകരന്‍ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം:
2018ന് ശേഷം ഇന്ത്യയിൽ ഉപയോഗിച്ച EVM - VVPAT മെഷീനുകളിൽ 6.5 ലക്ഷം മെഷീനുകൾ ഡിഫക്ടീവ് ആണെന്ന് കണ്ടെത്തി ഇലക്ഷൻ കമ്മീഷൻ തിരിച്ചുവിളിച്ചതായി വാർത്തകൾ വരുന്നു.
2019ലെ ലോക്സഭ ഇലക്ഷനുകളിൽ അടക്കം ഈ മെഷീനുകൾ ആണ് ഉപയോഗിക്കപ്പെട്ടത്. ആകെ ഉപയോഗിച്ച മെഷീനുകളുടെ 37% തിരിച്ചു വിളിക്കപ്പെട്ടിരിക്കുന്നു.
ഇന്ത്യൻ ജനാധിപത്യത്തിൻറെ ഭാവി തന്നെ തുലാസ്സിൽ ആക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറി പോലും നടന്നതായി സംശയിക്കപ്പെടേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
ജനാധിപത്യത്തിൽ ജയപരാജയങ്ങൾ സ്വാഭാവികമാണ്. പക്ഷേ അത് ജനങ്ങൾ നിർണയിക്കുന്നത് പ്രകാരമായിരിക്കണം. ജയവും തോൽവിയും കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്നവർ രാജ്യത്തെ തകർക്കും . ഈ രാജ്യത്തെ അടിമുടി തകർക്കുന്ന നരേന്ദ്രമോദി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടത് ലോകത്തെത്തന്നെ അത്ഭുതപ്പെടുത്തിയ സംഭവമാണ്. അതുകൊണ്ടുതന്നെ വോട്ടിംഗ് യന്ത്രങ്ങളിലെ കേടുപാടുകൾ സംബന്ധിച്ച വാർത്തകൾ ഓരോ ഇന്ത്യൻ പൗരനെയും ആശങ്കപ്പെടുത്തുന്നതാണ്.
ആറരലക്ഷം മെഷീനുകൾക്ക് കേടുപാടുകൾ സംഭവിച്ചു എന്നും അവ തിരിച്ചെടുക്കപ്പെട്ടുമെന്നുമുള്ള ഗുരുതരമായ ആരോപണത്തിന്റെ സത്യാവസ്ഥ പുറത്തു വരേണ്ടത് വളരെ അത്യാവശ്യമാണ്. ഈ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിക്കാനും തെരഞ്ഞെടുപ്പിലെ സുതാര്യത ഉറപ്പുവരുത്താനും കേന്ദ്രസർക്കാർ ഉടൻ തയ്യാറാകണം.