പിങ്ക് പോലീസ് അപമാനിച്ച കുഞ്ഞിന്‍റെ നഷ്ടപരിഹാരം മുടക്കാന്‍ പിണറായി സർക്കാർ; കേരളത്തിനാകെ അപമാനമെന്ന് കെ സുധാകരന്‍ എംപി
Jaihind TV News Report
Jaihind TV Web Desk
March 14, 2022
1 min read
•
Updated: June 10, 2026
ആറ്റിങ്ങലില്‍ പിങ്ക് പോലീസ് അപമാനിച്ച പെണ്‍കുഞ്ഞിന് നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍. പിണറായി സർക്കാരിന്‍റെ നീക്കം ജനാധിപത്യ കേരളത്തിന് അപമാനമെന്നും മനുഷ്യത്വ വിരുദ്ധമെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എം.പി പ്രതികരിച്ചു. പിണറായി സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണു നിലകൊള്ളുന്നത് എന്നത് ആശങ്കാജനകമാണ്. മൂന്നാം ക്ലാസുകാരിയായ ഒരു പിഞ്ചു കുഞ്ഞിനോടാണ് പിണറായി സര്‍ക്കാര്‍ ക്രൂരമായി പ്രതികാരം ചെയ്യാന്‍ പോകുന്നത്. ജനാധിപത്യ കേരളത്തിനാകെ അപമാനകരമായ നടപടി തിരുത്തണം എന്ന് കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു. കുഞ്ഞിന് നീതി ലഭിക്കുംവരെ കോണ്‍ഗ്രസ് അവരോടൊപ്പമുണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കെപിസിസി പ്രസിഡന്‍റിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
ആറ്റിങ്ങലില്‍ പിങ്ക് പോലീസ് അപമാനിച്ച പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച സര്‍ക്കാര്‍ നടപടി അങ്ങേയറ്റം മനുഷ്യത്വവിരുദ്ധം. ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നതാണ് സിംഗിള്‍ബെഞ്ച് ഉത്തരവ്. അതിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത് സ്വാഭാവിക നീതിയുടെ നഗ്‌നമായ ലംഘനമാണ്. ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന അധികാരം ജനങ്ങളുടെ മേല്‍ അന്യായമായി ഉപയോഗിക്കുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിയില്ല എന്ന് ഒരു സര്‍ക്കാര്‍ പറയുന്നതിനോളം വലിയ ഭീരുത്വവും ഉത്തരവാദിത്വമില്ലായ്മയും നിസ്സംഗതയും വേറെയില്ല. അങ്ങനെ ഏറ്റെടുക്കാന്‍ തുടങ്ങിയാല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പോലീസ് നടത്തിയ നര നായാട്ടുകള്‍ക്ക് ഉത്തരം പറയേണ്ടി വരുമെന്ന പിണറായി വിജയന്റെ ഭയമാണ് ഈ അപ്പീല്‍. പക്ഷേ ഇതൊരു കേവലം സാങ്കേതിക വാദമായി, സര്‍ക്കാര്‍ നടപടികളുടെ ഭാഗമായി സ്വാഭാവികമായി സംഭവിച്ച ഒരു നടപടിയാണ് എന്നു കരുതാന്‍ വയ്യ. ഈ അപ്പീലിന് പിറകിലെ രാഷ്ട്രീയം കൂടി കേരളത്തിലെ ജനങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന കേരള സര്‍ക്കാര്‍ ആര്‍ക്കു വേണ്ടിയാണു നിലകൊള്ളുന്നത് എന്ന കാര്യം അത്ഭുതകരം മാത്രമല്ല അങ്ങേയറ്റം ആശങ്ക ജനിപ്പിക്കുന്നതുമാണ്. മൂന്നാം ക്ലാസുകാരിയായ ഒരു പിഞ്ചു കുഞ്ഞിനോടാണ് പിണറായി സര്‍ക്കാര്‍ ക്രൂരമായി പ്രതികാരം ചെയ്യാന്‍ പോകുന്നത്. പാര്‍ശ്വവത്കരിക്കപ്പെട്ട മനുഷ്യര്‍ക്ക്, പ്രത്യേകിച്ച് ഒരു കുഞ്ഞിന് അതര്‍ഹിക്കുന്ന നീതി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടും തയ്യാറാവാത്തവരെ എന്ത് തരം മനോനിലയാണ് നയിക്കുന്നത് എന്നത് ഭയപ്പെടുത്തുന്നു. ജനാധിപത്യ കേരളത്തിനാകെ അപമാനകരമായ ഈ നടപടി തിരുത്തണം എന്ന് പിണറായി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു ആ കുഞ്ഞിന് നിയമപോരാട്ടത്തില്‍ നീതി ലഭിക്കുംവരെ കെ പി സി സി അവരോടൊപ്പമുണ്ടാകും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10