P P Thankachan | മറയുന്നത് കോണ്‍ഗ്രസിന്റെ സൗമ്യമുഖം;യുഡിഎഫിന്റെ കെട്ടുറപ്പു കാത്ത രാഷ്ട്രീയതന്ത്രശാലി
Jaihind TV News Report
Jaihind TV Web Desk
September 11, 2025
1 min read
•
Updated: June 09, 2026
മുന്‍ കെപിസിസി അധ്യക്ഷനും യുഡിഎഫ് കണ്‍വീനറുമായിരുന്ന പി.പി. തങ്കച്ചന്‍ അരനൂറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിരാമമിട്ട് യാത്രയായി. 1968-ല്‍ 26-ാം വയസ്സില്‍ പെരുമ്പാവൂര്‍ നഗരസഭ അധ്യക്ഷനായി രാഷ്ട്രീയ പ്രവേശനം കുറിച്ച അദ്ദേഹം രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയര്‍മാന്‍ എന്ന റെക്കോര്‍ഡിന് ഉടമയായിരുന്നു.
നിയമസഭ സ്പീക്കര്‍ (1991- 95), ആന്റണി മന്ത്രിസഭയില്‍ കൃഷിമന്ത്രി (1995-96), കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍ തുടങ്ങി നിരവധി സുപ്രധാന പദവികള്‍ അദ്ദേഹം വഹിച്ചു. എറണാകുളത്തെ രാഷ്ട്രീയ കളരിയാണ് തങ്കച്ചനിലെ നേതാവിനെ വാര്‍ത്തെടുത്തത്. 1982 മുതല്‍ 1996 വരെ പെരുമ്പാവൂര്‍ മണ്ഡലത്തെ യുഡിഎഫിന്റെ ഉറച്ച കോട്ടയാക്കി മാറ്റിയ തങ്കച്ചന്‍ മധ്യകേരളത്തിലെ കോണ്‍ഗ്രസിന്റെ തലയെടുപ്പുള്ള നേതാവായി മാറി. എന്നാല്‍, 2001-ല്‍ സിപിഎമ്മിലെ സാജു പോളിനോട് അപ്രതീക്ഷിതമായി പരാജയപ്പെട്ടു. 2005-ല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹം ഒഴിഞ്ഞ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് തങ്കച്ചനെത്തി. 2005 മുതല്‍ 2018 വരെ നീണ്ട 13 വര്‍ഷക്കാലം യുഡിഎഫിന്റെ കെട്ടുറപ്പ് കാത്ത് അദ്ദേഹം കണ്‍വീനര്‍ സ്ഥാനത്ത് തുടര്‍ന്നു.
അഞ്ചാം മന്ത്രിസ്ഥാന വിവാദം, സോളാര്‍, ബാര്‍ കോഴ കേസുകള്‍ തുടങ്ങിയ വിവാദങ്ങള്‍ ന്യൂന പക്ഷ സര്‍ക്കാരിനെ ഉലച്ചപ്പോഴും ഘടകകക്ഷികളെ ഒരുമിച്ച് നിര്‍ത്താന്‍ തങ്കച്ചനിലെ രാഷ്ട്രീയതന്ത്രജ്ഞന്‍ നിര്‍ണായക പങ്ക് വഹിച്ചു. മുന്നണിക്കുള്ളിലെ തര്‍ക്കങ്ങള്‍ കൊടുമ്പിരികൊള്ളുമ്പോഴും പുറത്ത് എല്ലാം ഭദ്രമാണെന്ന് ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ശൈലി. ഗുരുതരമായ പല പ്രശ്‌നങ്ങളേയും അദ്ദേഹം 'നിസാരമെന്ന' ഒഴുക്കന്‍ വാക്കുകളില്‍ ഭദ്രമാക്കി .
2018-ല്‍ കണ്‍വീനര്‍ സ്ഥാനമൊഴിഞ്ഞ ശേഷം സജീവ രാഷ്ട്രീയത്തില്‍ നിന്ന് പതിയെ വിട്ടുനില്‍ക്കുകയായിരുന്നു പി.പി. തങ്കച്ചന്‍. കുറച്ചുകാലമായി അനാരോഗ്യവും അദ്ദേഹത്തെ അലട്ടിയിരുന്നു. അരനൂറ്റാണ്ടിലേറെ കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന ആ സൗമ്യമുഖമാണ് ഇപ്പോള്‍ വിടവാങ്ങിയത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10