മനുഷ്യൻ കാടും മലയും മാത്രം വാസസ്ഥലമാക്കിയിരുന്ന അതിപുരാതന കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രം “അസ്ഥിക്കാരി” പ്രഖ്യാപിച്ചു. ഭയം, കാമം, വിശപ്പ്, അധികാരം എന്നിവയിൽ ആനന്ദം കണ്ടെത്തുകയും കൈക്കരുത്തുള്ളവർ മറ്റുള്ളവരെ അടിമകളാക്കുകയും ചെയ്തിരുന്ന വടക്കൻ കേരളത്തിലെയും കർണാടകയിലെയും ഉൾക്കാടുകളിലെ പുരാതന ഗോത്രങ്ങളുടെ ജീവിതമാണ് ചിത്രം പ്രമേയമാക്കുന്നത്. 'അസ്ഥിക്കാരി' എന്ന ശക്തമായ കേന്ദ്ര കഥാപാത്രമായി സഖി സത്യ വേഷമിടുമ്പോൾ, മലയാളത്തിലെ മറ്റ് പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്നത് സൈനു ചാവക്കാടനാണ്. മാജിക് മൂൺ അഥവാ സലോമി ജോണിയാണ് നിർമ്മാണം. ചലച്ചിത്ര കഫേ, ഫസ്റ്റ് റിംഗ് മീഡിയ, വിനിത രമേശ് എന്നിവർ സഹനിർമ്മാണം നിർവ്വഹിക്കുന്നു. നവംബർ അവസാനത്തോടെ ഇടുക്കി, മൈസൂർ, വയനാട് എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് നിർമാതാവ് സലോമി ജോണി അറിയിച്ചു.
ചിത്രത്തിന്റെ അണിയറപ്രവർത്തകർ: ഛായാഗ്രഹണം: രഞ്ജിത്ത് പുന്നപ്ര, വരികൾ: റഫീഖ് അഹമ്മദ്, സംഗീതം: സോണി സായ്, പശ്ചാത്തല സംഗീതം: സായി ബാലൻ, ചിത്രസംയോജനം: ഗൗതം ശരത്, കലാസംവിധാനം: ഷെരീഫ് സി.കെ, സംഘട്ടനം: ഡ്രാഗൺ ജിറോഷ്, ശബ്ദ സംവിധാനം: കരുൺ പ്രസാദ്, നൃത്ത സംവിധാനം: അമീഷ് കാലിക്കറ്റ്, ചമയം: പ്രഭീഷ് കാലിക്കറ്റ്, മുഖ്യ സംവിധാനസഹായി: ലാറ ഡൗളറ്റ്, അസോസിയേറ്റ് ഡയറക്ടർമാർ: ഗായത്രി സത്യ, അനീഷ് റൂബി, വി.എഫ്.എക്സ്: ഡ്രീം ഡിജിറ്റൽ എഫ്.എക്സ്, സ്റ്റുഡിയോസ്: സൗണ്ട് ബ്രൂവറി, ഹൈ സ്റ്റുഡിയോസ്, കളറിസ്റ്റ്: ഷാൻ ആഷിഫ്, നിശ്ചലഛായാഗ്രഹണം: പ്രശാന്ത് ഐ.ഐ.ഡി.എ, പി.ആർ.ഓ: പി. ശിവപ്രസാദ്, ഡിസൈൻ: സൂരജ് സൂരൻ.
പുരാതന ഗോത്രവർഗ്ഗക്കാരുടെ കഥയുമായി 'അസ്ഥിക്കാരി'; ചിത്രീകരണം നവംബറിൽ ആരംഭിക്കും