ഇഷാന്‍ കിഷന് അര്‍ധസെഞ്ചുറി, ക്ലാസന്റെ വെടിക്കെട്ട്; ചെന്നൈയെ തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫില്‍; സിഎസ്‌കെ പുറത്തേക്ക്
ചെന്നൈ: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തോല്‍വി. ചെപ്പോക്കില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ ചെന്നൈയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 16 പോയിന്റോടെ പ്ലേ ഓഫിലെത്തി. ഹൈദരാബാദ് ജയിച്ചതോടെ 16 പോയിന്റുള്ള ഗുജറാത്തും ആര്‍സിബിക്കൊപ്പം പ്ലേ ഓഫിലെത്തുന്ന മൂന്നാമത്തെ ടീമായി മാറി. തോല്‍വിയോടെ ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താകലിന്റെ വക്കിലാണ്. അവസാന മത്സരത്തില്‍ ഗുജറാത്തിനെ തോല്‍പ്പിച്ചാലും മറ്റ് ടീമുകളുടെ മത്സരഫലം കൂടി അനുകൂലമായാല്‍ മാത്രമേ ഇനി ചെന്നൈക്ക് പ്ലേ ഓഫ് സാധ്യതയുള്ളൂ.
181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് തുടക്കത്തില്‍ പതറിയെങ്കിലും ഇഷാന്‍ കിഷന്റെ അര്‍ധസെഞ്ചുറിയുടെയും (47 പന്തില്‍ 70), ഹെന്റിച്ച് ക്ലാസന്റെ വെടിക്കെട്ടിന്റെയും (26 പന്തില്‍ 47) കരുത്തില്‍ 19 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. മൂന്നാം ഓവറില്‍ തന്നെ ട്രാവിസ് ഹെഡിനെ (6) മടക്കിയ മുകേഷ് ചൗധരിയാണ് ചെന്നൈക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. പവര്‍ പ്ലേയില്‍ ഹൈദരാബാദിനെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സിലൊതുക്കാന്‍ ചെന്നൈ ബൗളര്‍മാര്‍ക്ക് സാധിച്ചു. എട്ടാം ഓവറില്‍ അഭിഷേക് ശര്‍മയെ (14 പന്തില്‍ 18) അക്കീല്‍ ഹൊസൈന്‍ മടക്കിയതോടെ ഹൈദരാബാദ് പതറി. 10 ഓവറില്‍ രണ്ട് വിക്കറ്റിന് 75 റണ്‍സെന്ന നിലയിലായിരുന്നു അവര്‍.
എന്നാല്‍ നാലാം നമ്പറിലിറങ്ങിയ ഹെന്റിച്ച് ക്ലാസന്‍ സ്പിന്നര്‍മാര്‍ക്കെതിരെ സ്വീപ്പും റിവേഴ്‌സ് സ്വീപ്പുമായി കളം നിറഞ്ഞതോടെ ചെന്നൈയുടെ പിടി അയഞ്ഞു. ചെന്നൈ നായകന്‍ റുതുരാജ് ഗെയ്ക്വാദ് പേസര്‍മാരെ വിളിച്ചെങ്കിലും തകര്‍ത്തടിച്ച ഇഷാന്‍ കിഷന്‍ ഹൈദരാബാദിനെ നയിച്ചു. പതിനഞ്ചാം ഓവറിലെ മൂന്നാം പന്തില്‍ നൂര്‍ അഹമ്മദിന്റെ പന്തില്‍ ഹെന്റിച്ച് ക്ലാസനെ സഞ്ജു സാംസണ്‍ മിന്നല്‍ സ്റ്റംപിംഗിലൂടെ പുറത്താക്കിയത് ചെന്നൈക്ക് നേരിയ പ്രതീക്ഷ നല്‍കി. പതിനാറാം ഓവറില്‍ കിഷന്‍ അര്‍ധസെഞ്ചുറി തികച്ചു. അവസാന മൂന്നോവറില്‍ 28 റണ്‍സായിരുന്നു ഹൈദരാബാദിന് വേണ്ടിയിരുന്നത്. പതിനെട്ടാം ഓവറിലെ ആദ്യ പന്തില്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ (11) മുകേഷ് ചൗധരി മടക്കിയെങ്കിലും, ഇതേ ഓവറില്‍ ഇഷാന്‍ കിഷന്‍ നേടിയ ബൗണ്ടറിയും സിക്‌സറും ലക്ഷ്യം അവസാന രണ്ടോവറില്‍ 13 റണ്‍സാക്കി കുറച്ചു. പത്തൊമ്പതാം ഓവറില്‍ ഇഷാന്‍ കിഷന്‍ വീണെങ്കിലും സ്മരണ്‍ രവിചന്ദ്രനും (5) സലീല്‍ അറോറയും (10) ചേര്‍ന്ന് ഹൈദരാബാദിനെ ജയത്തിലെത്തിച്ചു.
നേരത്തെ ടോസ് ജയിച്ച് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 180 റണ്‍സെടുത്തത്. 27 പന്തില്‍ 44 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. കാര്‍ത്തിക് ശര്‍മ 19 പന്തില്‍ 32 റണ്‍സെടുത്തപ്പോള്‍ സഞ്ജു സാംസണ്‍ 13 പന്തില്‍ 27 റണ്‍സടിച്ചു. ശിവം ദുബെ (23 പന്തില്‍ 26), നായകന്‍ റുതുരാജ് ഗെയ്ക്വാദ് (21 പന്തില്‍ 15), ഊര്‍വില്‍ പട്ടേല്‍ (8 പന്തില്‍ 13) എന്നിവര്‍ക്ക് കാര്യമായ ഇംപാക്ട് ഉണ്ടാക്കാനായില്ല. ഹൈദരാബാദിനായി നായകന്‍ പാറ്റ് കമ്മിന്‍സ് നാലോവറില്‍ 28 റണ്‍സിന് 3 വിക്കറ്റെടുത്തപ്പോള്‍ സാക്കിബ് ഹുസൈന്‍ രണ്ട് വിക്കറ്റെടുത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.