ലിസ്ബൻ: പോർച്ചുഗൽ ദേശീയ ടീം പരിശീലകൻ ജോർജ് ജീസസുമായുള്ള രൂക്ഷമായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് ദേശീയ ക്യാംപ് ഉപേക്ഷിച്ചുപോയ സൂപ്പർ താരവും ക്യാപ്റ്റനുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കടുത്ത വിലക്ക് ഭീഷണി. അച്ചടക്കലംഘനത്തിന്റെ പേരിൽ താരത്തിന് ആറ് മാസം വരെ ദേശീയ ടീമിൽ നിന്ന് വിലക്ക് ലഭിച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.
കഴിഞ്ഞ അന്താരാഷ്ട്ര ഇടവേളയിൽ നേഷൻസ് ലീഗിൽ ഡെൻമാർക്കിനെതിരായ മത്സരത്തിൽ റൊണാൾഡോയെ പകരക്കാരനാക്കി (Substitute) ഇറക്കിയതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. 4-2ന് പോർച്ചുഗൽ ജയിച്ച ഈ മത്സരത്തിന് പിന്നാലെ കോച്ച് ജോർജ് ജീസസിന്റെ നിലപാടിൽ പ്രതിഷേധിച്ച് റൊണാൾഡോ ക്യാംപ് വിടുകയായിരുന്നു. തുടർന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ സഹതാരങ്ങളോടും ആരാധകരോടും മാപ്പുപറഞ്ഞ റൊണാൾഡോ, അച്ചടക്ക ലംഘനത്തിന് തനിക്ക് പിഴ ചുമത്തണമെന്ന് ഫെഡറേഷനോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ നിയമത്തിലെ 'ആർട്ടിക്കിൾ 160' അനുസരിച്ച്, കൃത്യമായ ന്യായീകരണമില്ലാതെ ദേശീയ ടീമിന്റെ പരിശീലനത്തിലോ മത്സരത്തിലോ പങ്കടുക്കാതിരുന്നാൽ പിഴയ്ക്ക് പുറമേ ഒരു മാസം മുതൽ 6 മാസം വരെ സസ്പെൻഷൻ നേരിടേണ്ടിവരും. റൊണാൾഡോ സ്വയം തെറ്റ് ഏറ്റുപറയുകയും മാപ്പുചോദിക്കുകയും ചെയ്ത സാഹചര്യത്തിൽ അച്ചടക്ക കൗൺസിലിന്റെ തെളിവെടുപ്പുകൾ ഒഴിവാക്കി ശിക്ഷാ കാലാവധി പകുതിയായി കുറച്ചേക്കാനും സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷന്റെ അന്തിമ തീരുമാനം പുറത്തുവരും.