അപമാനഭാരത്തിൽ നിന്ന് ലോകകപ്പിന്റെ കാവലാളിലേക്ക്; ഫൈനലിന്റെ സ്റ്റാർ ബാറ്ററായ 'മലയാളി ചേട്ടൻ'
Jaihind TV News Report
Jaihind TV Web Desk
March 08, 2026
1 min read
•
Updated: June 04, 2026
ഗ്രീന്‍ഫീല്‍ഡിലെ ആ കറുത്ത ജനുവരിയില്‍ നിന്ന് അഹമ്മദാബാദിലെ ഈ സുവര്‍ണ്ണ മാര്‍ച്ച് വരെ... അപമാനഭാരത്താല്‍ തലതാഴ്ത്തി മടങ്ങിയ ഒരിടത്തുനിന്നും ഇന്ത്യന്‍ ബാറ്റിങ്ങിന്റെ 'രക്ഷകന്‍' എന്ന പദവിയിലേക്കുള്ള സഞ്ജു സാംസണിന്റെ ദൂരം കേവലം കിലോമീറ്ററുകളുടേതല്ല, മറിച്ച് തളരാത്ത പോരാട്ടവീര്യത്തിന്റേതാണ്. എഴുതിത്തള്ളിയവര്‍ക്ക് ബാറ്റുകൊണ്ട് മറുപടി നല്‍കി വിമര്‍ശനങ്ങളുടെ കനല്‍വഴികള്‍ താണ്ടി സഞ്ജു ഇന്ന് ഇന്ത്യന്‍ ടീമിന്റെ ഹൃദയമിടിപ്പായി മാറിയിരിക്കുന്നു. അഹമ്മദാബാദില്‍ ഇന്ന് പന്ത് അതിര്‍ത്തി കടക്കുമ്പോള്‍ അതില്‍ ഒരു മലയാളി കരുത്തിന്റെ കയ്യൊപ്പുണ്ടാകും.
സ്വന്തം നാട്ടിലെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ബാറ്റിങ്ങില്‍ പരാജയപ്പെട്ട്, വിക്കറ്റ് കീപ്പര്‍ ഗ്ലൗ പോലും നഷ്ടമായി അപമാനഭാരത്തോടെ തലതാഴ്ത്തി നില്‍ക്കേണ്ടി വന്ന ഒരു ജനുവരി മാസമുണ്ടായിരുന്നു സഞ്ജുവിന്. ന്യൂസീലന്‍ഡിനെതിരായ ആ പരമ്പരയിലെ മോശം പ്രകടനം വിമര്‍ശകരുടെ കൂരമ്പുകള്‍ക്ക് ആക്കം കൂട്ടി. ലോകകപ്പ് ടീം നേരത്തെ പ്രഖ്യാപിച്ചതുകൊണ്ട് മാത്രം ടീമില്‍ ഇടംനേടിയ താരം എന്ന പരിഹാസങ്ങള്‍ക്കിടയിലായിരുന്നു അന്ന് സഞ്ജു. എന്നാല്‍ ആ തകര്‍ച്ചയില്‍ നിന്ന് വാംഖഡെ സ്റ്റേഡിയത്തില്‍ തുടര്‍ച്ചയായ രണ്ടാം 'മാന്‍ ഓഫ് ദി മാച്ച്' പുരസ്‌കാരവുമായി ചിരിച്ചുനില്‍ക്കുന്ന സഞ്ജുവിലേക്കുള്ള മാറ്റം ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുന്നതായിരുന്നു.
ഇന്ന് ഇന്ത്യ ടി20 ലോകകപ്പിന്റെ ഫൈനലിനൊരുങ്ങുമ്പോള്‍ ടീമിന്റെ സ്റ്റാര്‍ ബാറ്ററാണ് സഞ്ജു സാംസണ്‍. സച്ചിനെയും കോലിയെയും ധോനിയെയും പോലെ തന്റെ ഷോട്ടുകള്‍ കൊണ്ട് സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിക്കാനും, പുറത്താകുമ്പോള്‍ ആരാധകരെ നിശ്ശബ്ദരാക്കാനുമുള്ള കഴിവ് ഇന്ന് സഞ്ജുവിനുണ്ട്. മൈതാനത്തെ ആ ഗാംഭീര്യം കൊണ്ട് തന്നെ സഹകളിക്കാര്‍ക്കും ആരാധകര്‍ക്കും അദ്ദേഹം ഇന്ന് 'സഞ്ജു ചേട്ടനാണ്'. ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് തമാശരൂപേണ തുടങ്ങിയ ആ വിളി ഇന്ന് ക്രിക്കറ്റ് ലോകം മുഴുവന്‍ ഏറ്റെടുത്തുകഴിഞ്ഞു.
കഴിഞ്ഞ ലോകകപ്പില്‍ ഒരു മത്സരം പോലും ലഭിക്കാതിരുന്ന ചരിത്രവും, സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ മത്സരത്തിലെ പരാജയവും സഞ്ജുവിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. എന്നാല്‍ ഓപ്പണിങ് ജോഡി തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ മാനേജ്മെന്റ് സഞ്ജുവിനെ ഒരിക്കല്‍ക്കൂടി വിശ്വസിച്ചു. സിംബാബ്വേക്കെതിരെ നല്‍കിയ തകര്‍പ്പന്‍ തുടക്കവും, വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താകാതെ നേടിയ 97 റണ്‍സും സഞ്ജുവിന്റെ കരിയറിലെ സുവര്‍ണ്ണ നിമിഷങ്ങളായി. സെമിഫൈനലില്‍ കരുത്തരായ ഇംഗ്ലണ്ടിനെതിരെ 89 റണ്‍സ് അടിച്ചുകൂട്ടിയതോടെ ഇന്ത്യന്‍ ബാറ്റിങ് നിരയിലെ വിശ്വസ്തനായി ഈ മലയാളി താരം മാറി.
എന്തുകൊണ്ടാണ് സഞ്ജു ഇത്രയധികം സ്‌നേഹിക്കപ്പെടുന്നത് എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ- അദ്ദേഹം കളിക്കുന്നത് ടീമിന് വേണ്ടിയാണ്. ഇന്ത്യയ്ക്കായി കളിച്ച 77 മത്സരങ്ങളിലും വ്യക്തിഗത റെക്കോര്‍ഡുകള്‍ക്ക് പിന്നാലെ പോകാതെ, ടീമിന് ആവശ്യമുള്ള വേഗത്തില്‍ റണ്‍സ് കണ്ടെത്താനാണ് സഞ്ജു ശ്രമിച്ചത്. തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡില്‍ നിന്ന് അഹമ്മദാബാദിലെ ലോകകപ്പ് ഫൈനല്‍ വരെയുള്ള ഈ യാത്ര ഒരു വലിയ പ്രചോദനമാണ്. ഈ ലോകകപ്പില്‍ ഇന്ത്യ കപ്പുയര്‍ത്തിയാലും ഇല്ലെങ്കിലും, സഞ്ജു സാംസണ്‍ എന്ന പേര് ക്രിക്കറ്റ് ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളാല്‍ രേഖപ്പെടുത്തിക്കഴിഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10