റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ അവസാന പന്തിൽ പരാജയം ഏറ്റുവാങ്ങുമ്പോൾ മുംബൈ ഇന്ത്യൻസ് ആരാധകരെ ഏറ്റവുമധികം വേദനിപ്പിച്ചത് ലസിത് മലിങ്കയുടെ ആ മുഖമായിരുന്നു. ഒരുകാലത്ത് മുംബൈയെ കിരീടങ്ങളിലേക്ക് നയിച്ച ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റ്, ഡഗ് ഔട്ടിൽ നിസ്സഹായനായി ഇരിക്കുന്നത് മുംബൈയുടെ പ്രതാപം അസ്തമിച്ചതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. മികച്ച താരനിരയുണ്ടായിട്ടും തുടർച്ചയായ ആറാം വർഷവും കിരീടമില്ലാതെ മടങ്ങേണ്ടി വന്ന മുംബൈ, സീസൺ അവസാനിക്കാൻ മൂന്ന് മത്സരങ്ങൾ ബാക്കി നിൽക്കെ തന്നെ പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ്.
സ്ക്വാഡ് ഡെപ്തിന്റെ കാര്യത്തിൽ മറ്റ് ടീമുകളെക്കാൾ മുന്നിലായിരുന്നിട്ടും, ഒരു സ്ഥിരതയുള്ള പ്ലേയിംഗ് ഇലവനെ കണ്ടെത്താൻ പരിശീലകൻ മഹേല ജയവർദ്ധനെയ്ക്ക് സാധിച്ചില്ല എന്നതാണ് ഈ തകർച്ചയുടെ പ്രധാന കാരണം. മുൻപ് കിരീടം നേടിയ സീസണുകളിൽ കൃത്യമായ ഒരു ഇലവനെ നിലനിർത്തിയിരുന്ന മുംബൈ, ഇക്കുറി പരീക്ഷണങ്ങളുടെ പെരുമഴയാണ് നടത്തിയത്. സീസണിൽ ഏറ്റവുമധികം താരങ്ങളെ മാറ്റിപ്പരീക്ഷിച്ച ടീമും മുംബൈ തന്നെ. കോർ താരങ്ങളായ സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ എന്നിവരുടെ ഫോമില്ലായ്മ ടീമിനെ തളർത്തി. 700 റൺസിലധികം നേടിയിരുന്ന സൂര്യകുമാർ ഇക്കുറി 200 കടക്കാൻ പോലും പാടുപെട്ടു. മൂന്ന് വിക്കറ്റുകൾ മാത്രം നേടിയ ബുമ്രയുടെ കരിയറിലെ തന്നെ ഏറ്റവും മോശം സീസണായി 2026 മാറി.
രോഹിത് ശർമ്മയുടെ പരിക്കും ടീമിനെ വലിയ രീതിയിൽ ബാധിച്ചു. ബാറ്റിംഗിലെ സ്ഥിരതയ്ക്ക് പുറമെ മൈതാനത്തെ അദ്ദേഹത്തിന്റെ സാന്നിധ്യം മുംബൈയ്ക്ക് നൽകിയിരുന്ന ആത്മവിശ്വാസം വലുതായിരുന്നു. അഞ്ച് മത്സരങ്ങൾ രോഹിത്തിന് നഷ്ടമായത് തിരിച്ചടിയായി. കൂടാതെ മിച്ചൽ സാന്റനർ, ട്രെന്റ് ബോൾട്ട് തുടങ്ങിയ പ്രമുഖ താരങ്ങളുടെ പരിക്കും ടീമിന്റെ സന്തുലിതാവസ്ഥ തെറ്റിച്ചു. ഇതോടൊപ്പം നായകൻ ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിലെ പാളിച്ചകളും വലിയ രീതിയിൽ വിമർശിക്കപ്പെടുന്നുണ്ട്. മൈതാനത്ത് സഹതാരങ്ങളോട് അമർഷം പ്രകടിപ്പിക്കുന്നതും, ബൗളിംഗ് മാറ്റങ്ങളിലെ പിഴവുകളും ഹാർദിക്കിനെ പ്രതിക്കൂട്ടിലാക്കുന്നു. 37 മത്സരങ്ങളിൽ 22 തോൽവികളുമായി ഹാർദിക്കിന് കീഴിൽ മുംബൈയുടെ ലെഗസി തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. വരാനിരിക്കുന്ന സീസണിൽ ടീമിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന സൂചനയാണ് ഇത് നൽകുന്നത്.