മോദിയും അമിത് ഷായും രാജ്യത്തോട് നുണ പറയുന്നു; വനിതാ ബില്ലിന് പിന്നില്‍ അപകടകരമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍: രാഹുല്‍ ഗാന്ധി
Jaihind TV News Report
Jaihind TV Web Desk
April 18, 2026
1 min read
•
Updated: June 05, 2026
റാണിപ്പേട്ട്: വനിതാ സംവരണ ബില്ലിന്റെ മറവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊന്നേരിയിലും റാണിപ്പേട്ടിലും നടന്ന റാലികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 131-ാം ഭരണഘടനാ ഭേദഗതി ബില്ലിലൂടെ രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് ഭൂപടം മാറ്റാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
വനിതാ സംവരണം എന്ന പേരില്‍ അവതരിപ്പിച്ച ബില്ലിന് പിന്നില്‍ രാജ്യത്തിന്റെ ഐക്യത്തിന് വിരുദ്ധമായ രാഷ്ട്രീയ അജണ്ടകളാണുള്ളതെന്ന് രാഹുല്‍ പറഞ്ഞു. 'വനിതാ സംവരണത്തിനുള്ള ബില്ലാണെന്ന് അവകാശപ്പെടുമ്പോഴും, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെയും പാര്‍ലമെന്റ് പ്രാതിനിധ്യം വെട്ടിക്കുറയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്. മണ്ഡല പുനര്‍നിര്‍ണയത്തെ ബിജെപി ഒരു രാഷ്ട്രീയ ആയുധമാക്കുകയാണ്. ഇത് ഭാരതമെന്ന സങ്കല്‍പ്പത്തിന് നേരെയുള്ള ആക്രമണമാണ്,' രാഹുല്‍ വ്യക്തമാക്കി.
ബിജെപിയും ആര്‍എസ്എസും തമിഴ്നാടിന്റെ ചരിത്രം, സംസ്‌കാരം, ഭാഷ എന്നിവയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ജമ്മു കശ്മീരിലും അസമിലും ചെയ്തതുപോലെ തമിഴ്നാടിനെയും ഡല്‍ഹിയിലിരുന്ന് നിയന്ത്രിക്കാനാണ് മോദി ആഗ്രഹിക്കുന്നത്. എന്നാല്‍ ലോകത്തെ ഒരു ശക്തിക്കും തമിഴ് ഭാഷയെ തൊടാന്‍ കഴിയില്ലെന്നും തമിഴ് ജനതയുടെ ആത്മാഭിമാനത്തെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിയുടെ സഖ്യകക്ഷിയായ എഐഎഡിഎംകെയെ 'പൊള്ളയായ തോട്' എന്നാണ് രാഹുല്‍ വിശേഷിപ്പിച്ചത്. 'പഴയ എഐഎഡിഎംകെ ഇപ്പോള്‍ നിലവിലില്ല. അഴിമതി കേസുകളില്‍ കുടുങ്ങിയ നേതാക്കള്‍ മോദിയുടെയും അമിത് ഷായുടെയും നിയന്ത്രണത്തിലാണ്. തമിഴ് ജനതയ്ക്ക് വേണ്ടി സംസാരിക്കാന്‍ അവര്‍ക്ക് ഇന്ന് ശേഷിയില്ല,' അദ്ദേഹം പരിഹസിച്ചു.
ഏപ്രില്‍ 23-ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ നേതൃത്വത്തിലുള്ള സെക്കുലര്‍ പ്രോഗ്രസീവ് അലയന്‍സിന്റെ ഭാഗമായി 28 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നതുകൊണ്ടാണ് ബിജെപിയുടെ ദേശവിരുദ്ധ നീക്കങ്ങളെ പാര്‍ലമെന്റില്‍ തടയാന്‍ കഴിഞ്ഞതെന്നും രാഹുല്‍ ഗാന്ധി ഓര്‍മ്മിപ്പിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10