ഗ്യാനേഷ് കുമാറിനെതിരായ സമരം പ്രശസ്തിക്ക് വേണ്ടിയുള്ളതല്ലെന്നും, മറിച്ച് ലക്ഷ്യബോധത്തോടെയുള്ള പോരാട്ടമാണെന്നും രാഹുൽ ഗാന്ധി. എഐസിസി ആസ്ഥാനത്ത് ചേർന്ന എൻ.എസ്.യു, യൂത്ത് കോൺഗ്രസ്, സേവാദൾ പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരാശരാകാതെ, യാതൊരു ഭയവുമില്ലാതെ മുന്നോട്ട് പോരാടുകയാണ് ഓരോ കോൺഗ്രസ് പ്രവർത്തകനും ചെയ്യേണ്ടതെന്ന് രാഹുൽ ഓർമ്മിപ്പിച്ചു.
പാർട്ടിയിലെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് സംസാരിക്കവേ, സ്വാർത്ഥരും ഭീരുക്കളുമായ ആളുകൾ കോൺഗ്രസിൽ നിന്ന് പുറത്തുപോയെന്നും നിലവിൽ ധീരരായ സിംഹങ്ങൾ മാത്രമേ പാർട്ടിയിൽ അവശേഷിക്കുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്തിയും സ്വാർത്ഥ താൽപ്പര്യങ്ങളുമാണ് പ്രധാന ലക്ഷ്യമെങ്കിൽ ആരും കോൺഗ്രസിൽ തുടരേണ്ടതില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ തുടങ്ങിയ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് യോഗം നടന്നത്. ഇതുവരെ സംഘടിപ്പിച്ച പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയവരെയും അതിനിടയിൽ പരിക്കേറ്റ പ്രവർത്തകരെയുമാണ് പ്രത്യേകം യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്.
നേഹ ബോറയെ സമരത്തിന്റെ പ്രധാന മുഖമായി ഉയർത്തിക്കാട്ടിയതിലും, കുറച്ചുപേരെ മാത്രം ഉൾപ്പെടുത്തി വാർത്താ സമ്മേളനം നടത്തിയതിലും എൻ.എസ്.യു പ്രവർത്തകർക്കിടയിൽ ചില അതൃപ്തികൾ നിലനിൽക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈയൊരു സാഹചര്യത്തിലാണ് പോരാട്ടവീര്യം ഉയർത്തുന്നതിനായി മുതിർന്ന നേതാക്കൾ പങ്കെടുത്ത് യോഗം വിളിച്ചുചേർത്തത്.
"പാർട്ടിയിൽ ഇനി സിംഹങ്ങൾ മാത്രം; പ്രശസ്തിയല്ല പോരാട്ടമാണ് പ്രധാനം": രാഹുൽ ഗാന്ധി