പാര്ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില് ധര്ണയിരുന്ന ജെബി മേത്തര് എം.പിയെയും എന്.എസ്.യു.ഐ പ്രവര്ത്തകരെയും ഡല്ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. പത്ത് മണിക്കൂറോളം നീണ്ട കുത്തിയിരിപ്പ് സമരത്തിനൊടുവില് പുലര്ച്ചെ നാലരയോടെയാണ് പൊലീസ് ബലംപ്രയോഗിച്ച് ഇവരെ നീക്കിയത്. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ ഡല്ഹി പൊലീസ് ക്രൂരമായി മര്ദിച്ചെന്ന പരാതിയില് എഫ്.ഐ.ആര് രജിസ്റ്റര് ചെയ്യാത്തതില് പ്രതിഷേധിച്ചായിരുന്നു പൊലീസിന്റെ ക്രൂരമര്ദനത്തിനിരയായ ആതിര വിജയന്, ഋതു എന്നീ വിദ്യാര്ത്ഥിനികളുടെ നേതൃത്വത്തില് സമരം നടത്തിയത്. പിന്തുണയുമായെത്തിയ യൂത്ത് കോണ്ഗ്രസ് ദേശീയ അധ്യക്ഷന് ഉദയ്ഭാനു ചിബ്, എന്.എസ്.യു.ഐ ദേശീയ പ്രസിഡന്റ് വിനോദ് ജാക്കര് എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഒരു വരി എഴുതി എഫ്.ഐ.ആര് എടുക്കാന് പോലും തയ്യാറാകാതെ പൊലീസ് വിദ്യാര്ത്ഥികളെ കൈയേറ്റം ചെയ്യുകയാണെന്ന് ജെബി മേത്തര് എം.പി പ്രതികരിച്ചു. ശാരീരികമായി തീര്ത്തും അവശയായ ആതിരയെ പൊലീസ് ക്രൂരമായി വലിച്ചിഴച്ചെന്നും അവര് വിമര്ശിച്ചു. കേരളത്തില് കേസെടുത്തത് ചൂണ്ടിക്കാട്ടിയാണ് ഡല്ഹി പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര് ചെയ്യാത്തതെന്ന് ആതിര പറഞ്ഞു. എഫ്.ഐ.ആര് രജിസ്റ്റര് ചെയ്യും വരെ പിന്നോട്ടില്ലെന്നും നീതി കിട്ടും വരെ സമരത്തില് നിന്ന് പിന്മാറില്ലെന്നും വ്യക്തമാക്കിയ അവര്, ഡല്ഹി പൊലീസ് തയ്യാറായില്ലെങ്കില് കോടതിയെ സമീപിക്കുമെന്നും അറിയിച്ചു. എന്നാല് ആതിരയെ സ്റ്റേഷനില് എത്തിച്ചതിന് പോലും തെളിവില്ലെന്നാണ് ഡല്ഹി പൊലീസിന്റെ വാദം.
ഒക്ടോബര് 13-ന് നടത്തിയ പ്രതിഷേധത്തിനിടയിലാണ് സ്ത്രീ എന്ന പരിഗണന പോലും നല്കാതെ ആതിരയെ ഡല്ഹി പൊലീസ് ക്രൂരമായി മര്ദിച്ചത്. മര്ദ്ദനത്തില് കണ്ണില് രക്തം കട്ടപിടിക്കുകയും കേള്വിക്ക് ബുദ്ധിമുട്ടുണ്ടാകുകയും അടിവയറ്റില് ഗുരുതര വേദന അനുഭവപ്പെടുകയും ചെയ്തിരുന്നു. വിഷയത്തില് ഡല്ഹി പൊലീസ് കേസെടുക്കാന് തയ്യാറായില്ലെങ്കിലും, ആതിര നല്കിയ പരാതിയുടെ അടിസ്ഥാനത്തില് തിരുവനന്തപുരം മ്യൂസിയം പൊലീസ് ഇതിനോടകം സീറോ എഫ്.ഐ.ആര് രജിസ്റ്റര് ചെയ്തിട്ടുണ്ട്.
ഡല്ഹി പോലീസ് അതിക്രമം: പത്ത് മണിക്കൂര് നീണ്ട സമരത്തിനൊടുവില് ജെബി മേത്തറും എന്.എസ്.യു.ഐ പ്രവര്ത്തകരും കസ്റ്റഡിയിൽ
ഡല്ഹി പോലീസ് അതിക്രമം: പത്ത് മണിക്കൂര് നീണ്ട സമരത്തിനൊടുവില് ജെബി മേത്തറും എന്.എസ്.യു.ഐ പ്രവര്ത്തകരും കസ്റ്റഡിയില്