തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങളുടെ സന്തോഷ സൂചിക (Happiness Index) വര്ധിപ്പിക്കുന്നതിനും വിവിധ ക്ഷേമ-വികസന പദ്ധതികള് ജനങ്ങളില് സൃഷ്ടിക്കുന്ന പോസിറ്റീവ് ആഘാതം വിലയിരുത്തുന്നതിനുമായി തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില് 'ആനന്ദം' എന്ന പേരില് പുതിയ വിഭാഗം രൂപീകരിക്കുന്നു. ഭാവിയില് ഇതിനെ ഒരു പ്രത്യേക വകുപ്പായി തന്നെ മാറ്റാനാണ് സര്ക്കാര് ലക്ഷ്യമിടുന്നത്.
നാടിന്റെ വികസനം കേവലം സാമ്പത്തിക വളര്ച്ചയിലോ ജി.ഡി.പിയിലോ മാത്രം ഒതുക്കാതെ, ജനങ്ങളുടെ ആകെ സന്തോഷത്തിനും മാനവികതയ്ക്കും പ്രാധാന്യം നല്കുന്ന ആഗോള മാതൃകകള് സ്വീകരിച്ചാണ് ഈ നീക്കം. 1972-ല് ഭൂട്ടാന് മുന്നോട്ടുവെച്ച 'ഗ്രോസ് നാഷണല് ഹാപ്പിനസ്' (GNH) എന്ന ആശയത്തില് നിന്ന് പ്രചോദനം ഉള്ക്കൊണ്ടാണ് ഈ പുതിയ ചുവടുവെപ്പ്. രാജ്യത്തിന്റെയോ സംസ്ഥാനത്തിന്റെയോ യഥാര്ത്ഥ പുരോഗതി അളക്കേണ്ടത് ജി.ഡി.പി മാത്രം നോക്കിയാകരുത് എന്ന കാഴ്ചപ്പാടാണ് സന്തോഷ വകുപ്പ് രൂപീകരണത്തിന് പിന്നിലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി വ്യക്തമാക്കി.
മനുഷ്യജീവിതത്തിന്റെ അന്തിമ ലക്ഷ്യം സന്തോഷം കണ്ടെത്തുക എന്നതാണെന്നും, വെറുമൊരു ക്ഷേമ പദ്ധതി എന്നതിലുപരി വികസന സംരംഭങ്ങളിലൂടെ ജനങ്ങളിലേക്ക് ആനന്ദം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ജനങ്ങള്ക്ക് ഒത്തുചേരാനും ആശയവിനിമയം നടത്താനുമായി അംഫി കോര്ണറുകളും ഹാപ്പിനസ് സെന്ററുകളും സ്ഥാപിക്കും.
ജനങ്ങളുടെ സന്തോഷ സൂചിക ഉയര്ത്താന് 'ആനന്ദം'; തദ്ദേശ വകുപ്പിന് കീഴില് പുതിയ വിഭാഗം വരുന്നു