"അദാനിയും ബിജെപിയും ട്രംപിന്റെ നിഴലിൽ; മോദിയെ നിയന്ത്രിക്കുന്നത് ട്രംപിന്റെ റിമോട്ട് കൺട്രോൾ"; രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നിയന്ത്രിക്കുകയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മുർശിദാബാദിലെ കോൺഗ്രസ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയുടെ ഭാവി ഇപ്പോൾ ട്രംപിന്റെ കൈകളിലാണെന്നും അദ്ദേഹത്തെക്കുറിച്ചുള്ള സത്യങ്ങൾ എപ്സ്റ്റീൻ ഫയലുകളിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും രാഹുൽ ആരോപിച്ചു. തനിക്ക് വേണമെങ്കിൽ എപ്പോൾ വേണമെങ്കിലും മോദിയുടെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ കഴിയുമെന്ന് ട്രംപ് പറയുന്നതിന് പിന്നിൽ ഈ രഹസ്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയുടെ മുഴുവൻ സാമ്പത്തിക സ്രോതസ്സും അദാനിയുടെ കൈകളിലാണെന്ന സത്യം ട്രംപിന് അറിയാമെന്നും അതുകൊണ്ടാണ് അമേരിക്കയിൽ അദാനിക്കെതിരെ കേസെടുത്തതെന്നും രാഹുൽ ആരോപിച്ചു. താൻ വിളിക്കുമ്പോൾ മോദി 'യെസ് സാർ' എന്നാണ് മറുപടി നൽകുന്നതെന്ന ട്രംപിന്റെ വെളിപ്പെടുത്തൽ രാജ്യത്തിന് അപമാനമാണ്. മഹാത്മാ ഗാന്ധിയും നെഹ്‌റുവും ഇന്ദിരാ ഗാന്ധിയുമടക്കമുള്ള മുൻഗാമികൾ ലോകത്തിന് മുന്നിൽ തലയുയർത്തി നിന്നവരായിരുന്നു. എന്നാൽ ഇന്ന് ട്രംപിന് മുന്നിൽ തലകുനിക്കുന്ന ഒരു പ്രധാനമന്ത്രിയാണ് ഇന്ത്യയ്ക്കുള്ളതെന്ന് രാഹുൽ പരിഹസിച്ചു.
മോദിയെയോ ആർഎസ്എസ്-ബിജെപി സഖ്യത്തെയോ തങ്ങൾക്ക് ഭയമില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. കോൺഗ്രസിന്റെ പ്രത്യയശാസ്ത്രവും ദേശസ്‌നേഹവും ഓരോ പ്രവർത്തകന്റെയും രക്തത്തിൽ അലിഞ്ഞുചേർന്നതാണ്. കോൺഗ്രസ് പ്രവർത്തകർ സിംഹങ്ങളെപ്പോലെയാണെന്നും ആരെയും ഭയപ്പെടാതെ പോരാട്ടം തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.