Local Self Government| തദ്ദേശ തിരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ
Jaihind TV News Report
Jaihind TV Web Desk
September 24, 2025
1 min read
•
Updated: June 10, 2026
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. തദ്ദേശസ്ഥാപനങ്ങളിലെ സംവരണ വാര്‍ഡുകള്‍ നറുക്കെടുക്കുന്നതിനുള്ള തീയതികള്‍ പ്രഖ്യാപിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. ഒക്ടോബര്‍ 13 മുതല്‍ 21 വരെയായിരിക്കും നറുക്കെടുപ്പ് നടക്കുക. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍മാരുമായി നടത്തിയ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ത്രിതല പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ജില്ലാ കളക്ടര്‍മാരുടെ മേല്‍നോട്ടത്തിലായിരിക്കും. ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡ് സംവരണം ഒക്ടോബര്‍ 13 മുതല്‍ 16 വരെയും, ബ്ലോക്ക് പഞ്ചായത്തുകളുടേത് ഒക്ടോബര്‍ 17-നും, ജില്ലാ പഞ്ചായത്തിലേത് ഒക്ടോബര്‍ 21-നും നടക്കും. മുനിസിപ്പാലിറ്റികളിലെ നറുക്കെടുപ്പ് ഒക്ടോബര്‍ 16-നും, കോര്‍പ്പറേഷനുകളിലെ നറുക്കെടുപ്പ് ഒക്ടോബര്‍ 17, 18, 21 തീയതികളിലുമായി നടക്കും. ഇതിനായി വിജ്ഞാപനം ഉടന്‍ പുറത്തിറക്കും.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം, പോളിങ് സ്റ്റേഷനുകളുടെ പുനഃക്രമീകരണം, വോട്ടര്‍പട്ടിക പുതുക്കല്‍ തുടങ്ങിയ എല്ലാ നടപടികളും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. പൊതുതിരഞ്ഞെടുപ്പിന് മുന്‍പ് വോട്ടര്‍പട്ടിക വീണ്ടും പുതുക്കുമെന്നും അതിന്റെ സമയക്രമം പിന്നീട് അറിയിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു. ഒക്ടോബര്‍ 3 മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം നിരോധിക്കാന്‍ ചീഫ് സെക്രട്ടറിയോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്ലാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും ഹരിതചട്ടം പാലിച്ച് നടത്തണമെന്നും കുടുംബശ്രീ, ഹരിതകര്‍മ്മസേന തുടങ്ങിയവരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് പുറമെ കമ്മീഷന്‍ സെക്രട്ടറി ബി.എസ്.പ്രകാശും പങ്കെടുത്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10