Logo
Mon, Jun 15, 2026 • 12:07 AM
LIVE TV
Watch

No business videos available

No Middle East videos available

ജപ്തി ഭയന്ന് ആത്മഹത്യ : പ്രതിഷേധം കനത്തു; തലസ്ഥാനത്ത് ബാങ്കിന്‍റെ കൗണ്ടര്‍ തകര്‍ത്തു; 3 ശാഖകള്‍ തുറക്കില്ല


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 15, 2019
1 min read Updated: June 09, 2026
SHARE:
SAVE: Login to save

ജപ്തി ഭയന്ന് ആത്മഹത്യ : പ്രതിഷേധം കനത്തു; തലസ്ഥാനത്ത് ബാങ്കിന്‍റെ കൗണ്ടര്‍ തകര്‍ത്തു; 3 ശാഖകള്‍ തുറക്കില്ല
ജപ്തി ഭയന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. തിരുവനന്തപുരത്തെ കാനറ ബാങ്ക് മേഖലാ ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസുകാര്‍ തള്ളിക്കയറിയതിനെത്തുടർന്ന് സംഘർഷമുണ്ടായി, റിസപ്ഷന്‍ കൗണ്ടര്‍ തല്ലിതകര്‍ത്തു. പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.നെയ്യാറ്റിന്‍കര ശാഖയ്ക്ക് രാവിലെമുതല്‍ നാട്ടുകാര്‍ ഉപരോധിക്കുകയാണ്. തിരുവനന്തപുരം ജില്ലയില്‍ കാനറ ബാങ്കിന്‍റെ മൂന്നുശാഖകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കില്ല. ശാഖകള്‍ക്കുനേരെ പ്രതിഷേധങ്ങള്‍ക്ക് സാധ്യത ഉണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടി.  നെയ്യാറ്റിന്‍കര, കുന്നത്തുകാല്‍, കമുകിന്‍കോട് ശാഖകളാണ് അടച്ചിടുന്നത്. അതേസമയം, ജപ്തി ഭയന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ മകള്‍ മരിച്ചശേഷവും പണം ആവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ വിളിച്ചെന്ന് ഗൃഹനാഥന്‍ ചന്ദ്രന്‍ പറ‍ഞ്ഞു.  ഇന്നലെ വൈകിട്ട് അഞ്ചുവരെ ബാങ്കിന്‍റെ അഭിഭാഷകന്‍ വിളിച്ചു. പണം എപ്പോള്‍ എത്തിക്കുമെന്ന് ചോദിച്ചായിരുന്നു വിളികള്‍. ഫോണ്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും ചന്ദ്രന്‍ പറഞ്ഞു. സംഭവത്തില്‍ ബാങ്ക് അധികൃതരെ പ്രതിയാക്കണമോയെന്ന് പൊലീസ് ഇന്ന് തീരുമാനിക്കും. ബാങ്കിന്‍റെ ഭാഗത്ത് നിന്ന് സമ്മര്‍ദമുണ്ടായതായി തെളിവ് ലഭിച്ചാല്‍ കേസെടുക്കാനാണ് പൊലീസിന്‍റെ തീരുമാനം. രാവിലെ പോസ്മോര്‍ട്ടത്തിനുശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ വിട്ടു നല്‍കും. ‌ ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആയിരുന്നു സംഭവം. ലേഖയും മകള്‍ വൈഷ്ണവി (19) ഒരുമിച്ച് തീ കൊളുത്തുകയായിരുന്നു. വൈഷ്ണവി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.  തൊണ്ണൂറ് ശതമാനത്തിലേറെ പൊള്ളലേറ്റ ലേഖ രാത്രിയോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആണ് മരിച്ചത്. വീടും വസ്തുവകകളും ജപ്തിയിലൂടെ നഷ്ടപ്പെടും എന്ന ആശങ്കയും ബാങ്കില്‍ നിന്നുള്ള സമ്മര്‍ദ്ദവുമാണ് ഈ കടുംകൈക്ക് ഇരുവരെയും പ്രേരിപ്പിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. നെയ്യാറ്റിന്‍കര കാനറാ ബാങ്ക് ശാഖയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയാണ് പതിനഞ്ച് വര്‍ഷം മുന്‍പ് ഇവര്‍ വായ്പ എടുത്തിരുന്നത്. പലിശ സഹിതം ഇതിപ്പോള്‍ ആറ് ലക്ഷത്തി എണ്‍പതിനായിരം രൂപയായിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവിന് വിദേശത്ത് ജോലിയുണ്ടായിരുന്നു. ആ ജോലി നഷ്ടപ്പെട്ടതോടെ കുടുംബം ആകെ സാമ്പത്തിക പ്രതിസന്ധിയിലായി.  ജപ്തി നോട്ടീസ് ലഭിച്ചത് മുതല്‍ അമ്മയും മകളും വലിയ മാനസിക പ്രയാസത്തിലായിരുന്നു എന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. ഭൂമി വിറ്റ് വായ്പ തിരിച്ചടക്കാന്‍ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടതോടെയാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് വിവരം. സംഭവത്തില്‍ ബാങ്ക് മാനേജര്‍ക്കെതിരെ കേസെടുക്കും. കാനറ ബാങ്കിന്‍റെ നെയ്യാറ്റിന്‍കര മാരായമുട്ടം ബ്രാഞ്ച് മാനേജര്‍ക്കെതിരെ കേസെടുക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ബാങ്കിന്‍റെ നടപടിയെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക് അടക്കമുള്ളവര്‍ രംഗത്തു വന്നതിന് പിന്നാലെയാണ് പൊലീസ് നടപടി. സംഭവത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ മുത്തശ്ശിയില്‍ നിന്നും പൊലീസ് മൊഴി എടുത്തു. പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ബാങ്കുകളോടും ജപ്തി നടപടികള്‍ താല്‍കാലികമായി നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു തരത്തിലും ജപ്തി നടപടികള്‍ക്ക് സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നാണ് ബാങ്ക് പറയുന്നത്. ഭവന വായ്പയാണ് കുടുംബം എടുത്തത്. തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് കോടതിയില്‍ കേസ് കൊടുത്തിരുന്നു. വായ്പ തിരിച്ചടവിന് കുടുംബം കൂടുതല്‍ സമയം ചോദിച്ചിരുന്നു. അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കുകയായിരുന്നുവെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നു.  
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10