കോവളം: സംഘപരിവാറിന്റെ തീവ്ര മുഖമായ യോഗി ആദിത്യനാഥിന്റെ അരുമ ശിഷ്യനായി പിണറായി വിജയന്‍ മാറുന്ന കാലം അതിവിദൂരമല്ലെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപി. എങ്ങനെയും ബിജെപിയുമായി ചങ്ങാത്ത ഉറപ്പിക്കാനുള്ള നീക്കമാണ് പിണറായിയുടേത്.
മൈക്ക് ഓപ്പറേറ്ററോടും അവതാരികയോടും ക്ഷോഭിക്കുന്ന പിണറായി വിജയന്‍ അയ്യപ്പ സംഗമ വേദിയില്‍ യോഗി ആദിത്യനാഥിന്റെ സന്ദേശം ശ്രദ്ധയോടെ കേട്ടിരിക്കുകയായിരുന്നുവെന്നും ജെബി മേത്തര്‍ പറഞ്ഞു. എ. കെ. ജിയേയും ഇ എം എസിനേയുമല്ല മോദിയെയും യോഗിയേയുമാണ് പിണറായി വിജയന്‍ ഇപ്പോള്‍ വാഴ്ത്തി പാടാന്‍ ശ്രമിക്കുന്നതെന്നും യോഗി സി പി എമ്മിന് പ്രിയപ്പെട്ട വ്യക്തിയാണോ എന്ന് അവര്‍ തന്നെ വ്യക്തമാക്കണമെന്നും ജെബി മേത്തര്‍ ആവശ്യപ്പെട്ടു.
അതേ സമയം ജെബി മേത്തര്‍ നയിക്കുന്ന മഹിള സാഹസ് കേരളയാത്രയ്ക്ക് പൂജപ്പുര, പാപ്പനംകോട്, തിരുമല, നേമം,കരമന, കളിപ്പാംകുളം, ആറ്റുകാല്‍, കമലേശ്വരം, പാച്ചല്ലൂര്‍,തിരുവല്ലം ,കല്ലിയൂര്‍, വെള്ളായണി,ബാലരാമപുരംവെങ്ങാനൂര്‍, കോവളം,വിഴിഞ്ഞം, മുക്കോല,കോട്ടുകാല്‍, ചപ്പാത്ത്,പുല്ലുവിള, കരുംകുളം, പൂവാര്‍, കാഞ്ഞിരംകുളം എന്നീ മണ്ഡലങ്ങളില്‍ സ്വീകരണം നല്‍കി. എം വിന്‍സന്റ് എം എല്‍ എ, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. ജി. സുബോധനന്‍, കെ.പി.സി.സി. എക്‌സിക്യൂട്ടീവ് അംഗം മണക്കാട് സുരേഷ്, സി എം പി സംസ്ഥാന സെക്രട്ടറി സി. പി. ജോണ്‍ എന്നിവര്‍ വിവിധ സ്വീകരണ യോഗങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഗായത്രി വി നായര്‍, സംസ്ഥാന ഭാരവാഹികളായ ആര്‍ ലക്ഷ്മി, വി കെ മിനിമോള്‍, രജനി രമാനന്ദ്, എല്‍ അനിത, ജയലക്ഷ്മി ദത്തന്‍, ഗ്ലാഡിസ് അലക്‌സ്, ഷെമി ഷംനാദ് എന്നിവര്‍ പ്രസംഗിച്ചു.