പാലക്കാട്: മുണ്ടൂരിൽ വിദ്യാർഥികൾക്ക് നേരെ ലോറി പാഞ്ഞുകയറി ദാരുണ അപകടം. ഒൻപതാം മൈലിലുണ്ടായ അപകടത്തിൽ ഒരു കോളേജ് വിദ്യാർഥി മരിച്ചു. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥി മുഹമ്മദ് ഫർഹാൻ ആണ് മരിച്ചത്. അപകടത്തിൽ നാല് വിദ്യാർഥികൾക്കും ഒരു പ്രദേശവാസിക്കും പരിക്കേറ്റിട്ടുണ്ട്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് പള്ളിയിൽ പോയി മടങ്ങുകയായിരുന്ന വിദ്യാർഥികൾക്ക് നേരെയാണ് ലോറി നിയന്ത്രണംവിട്ട് ഇടിച്ചുകയറിയത്. കോഴിക്കോട് ഭാഗത്തുനിന്ന് പാലക്കാട്ടെ ഐ.എം.എ പ്ലാന്റിലേക്ക് ആശുപത്രി മാലിന്യവുമായി വരികയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. പരിക്കേറ്റ നാല് വിദ്യാർഥികളിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.