തെക്കേ ഇന്ത്യയിൽ അടുത്ത ദിവസം എത്തുന്ന വടക്കുകിഴക്കൻ മൺസൂണിന്റെ (തുലാവർഷം) സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തവും ശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാഴാഴ്ച കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇവിടങ്ങളിലും ജാഗ്രതയുടെ ഭാഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
അടുത്ത ഒരു ദിവസത്തിനുള്ളിൽ രാജ്യത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളിൽ നിന്നും തെക്കുപടിഞ്ഞാറൻ മൺസൂൺ പൂർണ്ണമായി പിൻവാങ്ങുമെന്നും, ഒപ്പം തെക്കേ ഇന്ത്യയിൽ വടക്കുകിഴക്കൻ മൺസൂൺ ആരംഭിക്കുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഇതിനുപുറമേ തെക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ഒരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്.
ഇവയുടെ സംയോജിത സ്വാധീനഫലമായാണ് ഞായറാഴ്ച വരെ സംസ്ഥാനത്തുടനീളം മഴ ശക്തമാകുന്നത്. മഴയ്ക്കൊപ്പം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റട വീശാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.
തുലാവർഷം എത്തുന്നു; സംസ്ഥാനത്ത് ഞായറാഴ്ച വരെ പരക്കെ അതിശക്തമായ മഴ മുന്നറിയിപ്പ്
വ്യാഴാഴ്ച പത്തനംതിട്ട,കോട്ടയം,എറണാകുളം,ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.