തിരുവനന്തപുരം: പത്മശ്രീ ചെറുവയൽ രാമന്റെ വിയോഗത്തിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ അനുശോചനം രേഖപ്പെടുത്തി. വയനാടിന്റെ മണ്ണിൽ തലമുറകളുടെ ഓർമ്മകൾക്ക് കാവൽ നിന്ന അപൂർവ്വ കർഷകനായിരുന്നു ചെറുവയൽ രാമനെന്ന് അദ്ദേഹം സ്മരിച്ചു. അന്യംനിന്നു പോകുമായിരുന്ന പാരമ്പര്യ നെൽവിത്തിനങ്ങളെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കി വരുംതലമുറയ്ക്കായി കരുതൽ വെച്ച അദ്ദേഹം യഥാർത്ഥത്തിൽ നമ്മുടെ കാർഷിക പൈതൃകത്തിന്റെ കാവലാളായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൃഷി എന്നത് വെറുമൊരു ഉപജീവന മാർഗ്ഗം മാത്രമല്ലെന്നും, അത് മണ്ണിനോടും പ്രകൃതിയോടുമുള്ള വലിയൊരു ഉത്തരവാദിത്തമാണെന്നും സ്വന്തം ജീവിതത്തിലൂടെ ലോകത്തോട് വിളിച്ചുപറഞ്ഞ വ്യക്തിത്വമായിരുന്നു രാമൻ. മണ്ണിന്റെ മണവും വിത്തുകളുടെ കരുതലും കൃഷിയുടെ നന്മയും പുതിയ തലമുറയ്ക്ക് പകർന്നു നൽകിയ അദ്ദേഹത്തിന്റെ ജീവിതം എക്കാലവും ഓർമ്മിക്കപ്പെടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
യു.ഡി.എഫ് സർക്കാർ അധികാരമേറ്റെടുത്ത ശേഷം ചിങ്ങം ഒന്നിന് പ്രഖ്യാപിച്ച പ്രഥമ ഉമ്മൻചാണ്ടി സ്മാരക കാർഷിക പുരസ്കാരം അദ്ദേഹത്തിന് സമ്മാനിക്കാൻ കഴിഞ്ഞത് സർക്കാരിന് വലിയ സന്തോഷവും അഭിമാനവും നൽകിയ നിമിഷമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
ചെറുവയൽ രാമന്റെ വേർപാട് കേരളത്തിന്റെ കാർഷിക മേഖലയ്ക്കും പൈതൃക സംരക്ഷണത്തിനും നികത്താനാവാത്ത തീരാനഷ്ടമാണ്. അദ്ദേഹം ജീവനുതുല്യം കാത്തുസൂക്ഷിച്ച ഓരോ വിത്തിലും വരുംതലമുറയ്ക്കുള്ള പ്രതീക്ഷയാണുള്ളത്. ആ പ്രതീക്ഷ മണ്ണിൽ നിലനിർത്തുക എന്നതാണ് അദ്ദേഹത്തിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരവെന്നും മുഖ്യമന്ത്രി പറഞ്ഞു.
"കാർഷിക പൈതൃകത്തിന്റെ കാവലാളായിരുന്നു ചെറുവയൽ രാമൻ": അനുശോചിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ