Operation Numkhor| ഓപ്പറേഷന്‍ നുംഖോര്‍: 36 വാഹനങ്ങള്‍ പിടിച്ചെടുത്തു, ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കസ്റ്റംസ് നോട്ടീസ്
Jaihind TV News Report
Jaihind TV Web Desk
September 24, 2025
1 min read
•
Updated: June 10, 2026
കൊച്ചി: നികുതി വെട്ടിച്ച് വിദേശത്ത് നിന്ന് ആഡംബര കാറുകള്‍ ഇന്ത്യയിലെത്തിച്ചതുമായി ബന്ധപ്പെട്ട കേസില്‍ 'ഓപ്പറേഷന്‍ നുംഖോര്‍' എന്ന പേരില്‍ നടന്ന റെയ്ഡിന്റെ വിവരങ്ങള്‍ കസ്റ്റംസ് കമ്മീഷണര്‍ ടിജു തോമസ് പുറത്തുവിട്ടു. സംസ്ഥാനത്ത് ഇത്തരത്തിലുള്ള 150 മുതല്‍ 200 വരെ വാഹനങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയതായും ഇതില്‍ 36 എണ്ണം പിടിച്ചെടുത്തതായും അദ്ദേഹം അറിയിച്ചു.
ഭൂട്ടാനില്‍ നിന്ന് വ്യാജരേഖകളുണ്ടാക്കി വാഹനങ്ങള്‍ കടത്തുന്ന വന്‍ തട്ടിപ്പാണ് നടക്കുന്നതെന്ന് കസ്റ്റംസ് വ്യക്തമാക്കി. ഇന്ത്യന്‍ ആര്‍മി, അമേരിക്കന്‍ എംബസി, ഇന്ത്യന്‍ എംബസി എന്നിവയുടെ പേരുകളാണ് തട്ടിപ്പുകാര്‍ ഇതിനായി ദുരുപയോഗം ചെയ്തത്. പിടിച്ചെടുത്ത വാഹനങ്ങളില്‍ 90 ശതമാനവും വ്യാജരേഖകള്‍ ഉപയോഗിച്ച് ഇന്ത്യയിലേക്ക് കടത്തിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, പരിവാഹന്‍ വെബ്‌സൈറ്റില്‍ പോലും കൃത്രിമം കാണിച്ചതായും അന്വേഷണത്തില്‍ വ്യക്തമായി. ഇത് രാജ്യസുരക്ഷയ്ക്ക് പോലും ഭീഷണിയാണെന്ന് കമ്മീഷണര്‍ ചൂണ്ടിക്കാട്ടി.
പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകള്‍ ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജരാകണം. ദുല്‍ഖര്‍ സല്‍മാനും നടനും വാഹന ഡീലറായ അമിത് ചക്കാലക്കലും ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നല്‍കുമെന്നും ടിജു തോമസ് അറിയിച്ചു. കേസ് പിഴയടച്ച് ഒത്തുതീര്‍പ്പാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റത്തിന്റെ ഗൗരവമനുസരിച്ച് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുമെന്നും കസ്റ്റംസ് മുന്നറിയിപ്പ് നല്‍കി.
നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ രണ്ട് വാഹനങ്ങളാണ് പരിശോധിച്ചത്. ഇതിലൊരെണ്ണം പിടിച്ചെടുത്ത് കസ്റ്റംസ് യാര്‍ഡിലേക്ക് മാറ്റി. രണ്ടാമത്തെ കാറിന് റോഡ് ഫിറ്റ്‌നസ് ഇല്ലാത്തതിനാല്‍ അത് കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും കസ്റ്റംസ് കമ്മീഷണര്‍ അറിയിച്ചു. പിടിച്ചെടുത്ത പല വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സോ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റോ ഇല്ലെന്നും ജിഎസ്ടി വെട്ടിപ്പ് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. വിദേശത്തുനിന്ന് പഴയ കാറുകള്‍ ഇറക്കുമതി ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10