അമ്പലപ്പുഴ: സി.പി.എമ്മിനെതിരെ വീണ്ടും ശക്തമായ വിമര്‍ശനവുമായി ജി. സുധാകരന്‍. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലപ്പുഴ ടൗണ്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗ വേദിയിലാണ് അദ്ദേഹം പാര്‍ട്ടിക്കെതിരെ ആഞ്ഞടിച്ചത്. പാര്‍ട്ടിയുടെ മുകളിലിരിക്കുന്നവരാണ് പാര്‍ട്ടിയെ തകര്‍ക്കുന്നതെന്നും സി.പി.എമ്മില്‍ ആത്മവിമര്‍ശനമൊന്നുമില്ലെന്നും അത് വെറുതെ പറയുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തങ്ങള്‍ ചേര്‍ന്ന കാലത്തെ പാര്‍ട്ടിയല്ല ഇതെന്നും പാര്‍ട്ടിയെന്ന പേര് മാത്രമേയുള്ളൂവെന്നും ജി. സുധാകരന്‍ പറഞ്ഞു. 'സി.പി.എമ്മില്‍ നില്‍ക്കാന്‍ കൊള്ളില്ല. അതു കൊണ്ടാണ് താന്‍ അംഗത്വം പുതുക്കാതിരുന്നത്. പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, രാജ്യം മുഴുവന്‍ ചുറ്റി സഞ്ചരിക്കുക-ഇതാണിപ്പോള്‍ നടക്കുന്നത്.' അദ്ദേഹം പറഞ്ഞു.
സി.പി.എം സ്ഥാനാര്‍ത്ഥികള്‍ ജയിച്ചത് ഭാഗ്യമെന്നു കരുതിയാല്‍ മതി. വിജയരാഘവന്‍ തനിക്കെതിരെ പ്രസംഗിച്ചതു കൊണ്ട് കൂടുതല്‍ വോട്ട് കിട്ടി. പ്രസംഗിച്ചാലൊന്നും വോട്ട് കിട്ടില്ലെന്നും അധികാരത്തിലിരിക്കുമ്പോള്‍ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 2021 ല്‍ സി.പി.എമ്മിന് 47 ശതമാനം വോട്ട് കിട്ടിയിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇത് 26 ശതമാനമായി കുറഞ്ഞുവെന്നും ഇത് അസാമാന്യമായ കഴിവാണെന്നും അദ്ദേഹം പരിഹസിച്ചു.
ചെങ്ങന്നൂരില്‍ പ്രോപ്പറായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നെങ്കില്‍ കോണ്‍ഗ്രസ് രാവിലെ 9 മണിക്ക് ജയിച്ചേനെ എന്നും ജി. സുധാകരന്‍ പറഞ്ഞു. അവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പറഞ്ഞയാളെയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കിയത്. ഇത് കോണ്‍ഗ്രസ് പരിശോധിക്കണം. മറ്റ് പാര്‍ട്ടികളിലിടപെട്ട് തനിക്ക് ജയിക്കാന്‍ കഴിയുന്ന അന്തരീക്ഷമുണ്ടാക്കണമെങ്കില്‍ എത്ര വലിയ പൊളിറ്റിക്കല്‍ ക്രിമിനലിസമാണ് നടന്നതെന്നും അദ്ദേഹം ചോദിച്ചു. തന്നെ കായംകുളത്ത് രണ്ടാമത്തെ തെരഞ്ഞെടുപ്പില്‍ കാല് വാരി തോല്‍പ്പിക്കുകയായിരുന്നുവെന്നും ജി. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
സി.പി.എമ്മിനെതിരെ വീണ്ടും കടുത്ത വിമര്‍ശനവുമായി ജി. സുധാകരന്‍; 'പാര്‍ട്ടിയില്‍ നില്‍ക്കാന്‍ കൊള്ളില്ല, അതുകൊണ്ട് അംഗത്വം പുതുക്കിയില്ല'