തിരുവനന്തപുരം: പുതിയ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുമ്പോള്‍ ആവശ്യമായ സൗകര്യങ്ങളും ജീവനക്കാരെയും ഉറപ്പാക്കണമെന്ന് ഡോ. ഹാരിസ് ചിറക്കല്‍ ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പിന്റെ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച അദ്ദേഹം, തട്ടിക്കൂട്ട് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തരുതെന്നും മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ (ഡി.എം.ഇ) ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ മെഡിക്കല്‍ കോളേജുകളിലേക്ക് മറ്റ് കോളേജുകളില്‍ നിന്ന് ഡോക്ടര്‍മാരെയും ജീവനക്കാരെയും മാറ്റുകയല്ല വേണ്ടത്, പകരം പുതിയ നിയമനങ്ങള്‍ നടത്തണം. ഇത് നിലവിലെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അധ്യാപകരുടെ കുറവ്, ശമ്പളത്തിലെ അപാകതകള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് കെ.ജി.എം.സി.ടി.എ. (കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍) പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ഡി.എം.ഇ. ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ ആരോപിച്ചു.