മാത്യു സി. ആറിന് കണ്ണീരോടെ വിട; മാധ്യമലോകവും രാഷ്ട്രീയകേരളവും അന്ത്യാഞ്ജലി അര്‍പ്പിച്ചു
Jaihind TV News Report
Jaihind TV Web Desk
September 11, 2025
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ജയ്ഹിന്ദ് ടി.വി. ന്യൂസ് ഇന്‍ ചാര്‍ജുമായിരുന്ന മാത്യു സി. ആറിന് മാധ്യമലോകവും രാഷ്ട്രീയ കേരളവും കണ്ണീരോടെ വിട നല്‍കി. തിരുവനന്തപുരം പാറ്റൂര്‍ സെന്റ് പീറ്റേഴ്‌സ് ചര്‍ച്ചിലെ കുടുംബ കല്ലറയിലാണ് അദ്ദേഹത്തിന് അന്ത്യവിശ്രമം ഒരുക്കിയത്.
രാവിലെ മുളവനയിലെ വീട്ടില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് ശേഷമാണ് മാത്യു സി. ആറിന്റെ ഭൗതികശരീരം പാറ്റൂര്‍ സെന്റ് പീറ്റേഴ്‌സ് ചര്‍ച്ചിലേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് അന്ത്യകുര്‍ബാനയും പ്രാര്‍ത്ഥനാ ചടങ്ങുകളും നടന്നു. അടുത്ത ബന്ധുക്കള്‍ അദ്ദേഹത്തിന് അന്ത്യചുംബനം നല്‍കി. പ്രാര്‍ത്ഥനകള്‍ക്ക് ശേഷം മൃതദേഹം പള്ളിയിലെ കുടുംബ കല്ലറയിലേക്ക് സംസ്‌കാരത്തിനായി എടുത്തു.
അന്ത്യകര്‍മ്മങ്ങളില്‍ മുന്‍ യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസ്സന്‍, എം. വിന്‍സെന്റ് എം.എല്‍.എ., ജയ്ഹിന്ദ് ടി.വി. മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി.എസ്. ഷിജു ഉള്‍പ്പെടെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. നേരത്തെ മുന്‍മന്ത്രി പന്തളം സുധാകരന്‍, യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി, പാലോട് രവി തുടങ്ങിയ നേതാക്കള്‍ മുളവനയിലെ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചിരുന്നു.
ഇന്നലെ തിരുവനന്തപുരത്തെ വസതിയിലെത്തിച്ച മൃതദേഹത്തില്‍ ബന്ധുക്കളും മറ്റുള്ളവരും അന്ത്യോപചാരം അര്‍പ്പിച്ചു. അകാലത്തില്‍ പൊലിഞ്ഞ മാത്യുവിന്റെ വിയോഗത്തില്‍ ബന്ധുക്കളും ഉറ്റവരും വിങ്ങിപ്പൊട്ടി. ബുധനാഴ്ച പ്രസ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. വിദ്യാര്‍ത്ഥി രാഷ്ട്രീയ കാലം മുതല്‍ മാത്യു സി. ആറുമായി പരിചയമുണ്ടായിരുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അനുസ്മരിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയത്തിനും അതിന്റെ ആശയപ്രചാരണത്തിനും മാത്യുവിന്റെ വേര്‍പാട് വലിയ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസ്സനും ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
മലയാള മാധ്യമ ലോകത്തെ നിറസാന്നിധ്യമായിരുന്ന മാത്യു സി. ആര്‍ ദീപ്തമായ ഒരു ഓര്‍മ്മയായി മാറിക്കഴിഞ്ഞു. ജയ്ഹിന്ദ് ന്യൂസ് പ്രിയ സഹപ്രവര്‍ത്തകന് കണ്ണീര്‍ പ്രണാമം അര്‍പ്പിക്കുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10