രാജ്യത്ത് ഇന്ധനവില വർദ്ധിക്കുന്നതിനെതിരെ മോദി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കഴിഞ്ഞ 12 വർഷത്തിനിടയിൽ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ (ക്രൂഡ് ഓയിൽ) വില ഗണ്യമായി കുറഞ്ഞിട്ടും അതിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് കൈമാറാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദ്യം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ ഭരണകാലം തുടങ്ങിയ 2014-ലെയും ഇപ്പോഴത്തെയും ഇന്ധനവിലകൾ താരതമ്യം ചെയ്യാൻ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) പുറത്തുവിട്ട ഔദ്യോഗിക വിവരങ്ങൾ എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചുകൊണ്ടാണ് ഖാർഗെ രംഗത്തെത്തിയത്.
2014 മെയ് 26-ന് നരേന്ദ്ര മോദി ആദ്യമായി പ്രധാനമന്ത്രിയായി ചുമതലയേൽക്കുമ്പോൾ ഇന്ത്യൻ ബാസ്കറ്റിലെ ക്രൂഡ് ഓയിൽ വില ബാരലിന് 108.05 ഡോളറായിരുന്നു. അന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 58.59 രൂപയായിരുന്നു. ആ സമയത്ത് രാജ്യത്ത് പെട്രോൾ ലിറ്ററിന് 71.51 രൂപയ്ക്കും ഡീസൽ ലിറ്ററിന് 56.71 രൂപയ്ക്കും ലഭ്യമായിരുന്നുവെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി. എന്നാൽ ഇപ്പോൾ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 99 ഡോളറിന് താഴെയായിട്ടും രാജ്യത്ത് പെട്രോൾ വില ലിറ്ററിന് 102.12 രൂപയായും ഡീസൽ വില 95.20 രൂപയായും ഉയർന്നു.
അതായത്, ക്രൂഡ് ഓയിലിന് വില കുറഞ്ഞിട്ടും രാജ്യത്ത് പെട്രോളിന് ഏകദേശം 42.8 ശതമാനവും ഡീസലിന് 67.9 ശതമാനവും വില വർദ്ധിച്ചുവെന്ന് ഖാർഗെ വ്യക്തമാക്കി. ഇന്ധനവില വർദ്ധനവ് സാധാരണക്കാരന് വലിയ ഭാരമാണെന്നും ഇത് ഗതാഗതച്ചെലവ്, ഭക്ഷ്യസാധനങ്ങളുടെ വില, മറ്റ് മേഖലകളിലെ പണപ്പെരുപ്പം എന്നിവയെ നേരിട്ട് ബാധിക്കുമെന്നും അദ്ദേഹം വാദിച്ചു. ഇന്ധനവില കൂടുന്നത് എല്ലാ മേഖലകളെയും ബാധിക്കുമെന്ന് ഏത് സാമ്പത്തിക ശാസ്ത്രജ്ഞനും അറിയാമെന്നും എന്നിട്ടും സർക്കാരിന്റെ കൊള്ളലാഭം കൊയ്യൽ തടസ്സമില്ലാതെ തുടരുകയാണെന്നും ഖാർഗെ കുറ്റപ്പെടുത്തി. ക്രൂഡ് ഓയിലിന് വില കുറയുമ്പോൾ പെട്രോളും ഡീസലും എന്തിനാണ് വിലകൂട്ടുന്നതെന്നും ഈ 'ദിനംപ്രതിയുള്ള കൊള്ള'യുടെ ഗുണഭോക്താക്കൾ ആരാണെന്നും അദ്ദേഹം ചോദിച്ചു.
ഏറ്റവും പുതിയ ഇന്ധനവില വർദ്ധനവിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും കേന്ദ്ര സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. 'വിലക്കയറ്റ മനുഷ്യൻ' (മെഹംഗായ് മാനവ്) വീണ്ടും പ്രഹരിച്ചിരിക്കുകയാണെന്ന് രാഹുൽ പരിഹസിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനങ്ങൾ നൽകുകയും അല്ലാത്തപ്പോൾ ജനങ്ങളുടെ പോക്കറ്റടിക്കുകയുമാണ് പ്രധാനമന്ത്രിയുടെ ജോലിയെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. പൊതുമേഖലാ എണ്ണക്കമ്പനികൾ അന്താരാഷ്ട്ര വിപണിയിലെ വിലവർദ്ധനവിന്റെ ഭാരം ഉപഭോക്താക്കളിലേക്ക് മാറ്റിയതിനെത്തുടർന്ന് രണ്ട് ആഴ്ചയ്ക്കുള്ളിൽ നാലാം തവണയാണ് ഇന്ധനവില വർദ്ധിപ്പിച്ചത്.