ഇന്ത്യയുടെ വാനമ്പാടിക്ക് വിട... ലതാ മങ്കേഷ്കർ അന്തരിച്ചു
Jaihind TV News Report
Jaihind TV Web Desk
February 06, 2022
1 min read
•
Updated: June 09, 2026
ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർ അന്തരിച്ചു. 92 വയസായിരുന്നു. കൊവിഡ് രോഗബാധിതയായി ചികിത്സയിലായിരുന്നു. മുപ്പത്തിയഞ്ചിലേറെ ഇന്ത്യൻ ഭാഷകളിലും വിദേശഭാഷകളിലുമായി 30,000 ത്തിലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം മൂന്നുവട്ടം നേടിയിട്ടുണ്ട്. ആപ് കി സേവാ മേം (1946) എന്ന ഹിന്ദി ചിത്രത്തിലെ 'രാ ലഗൂൻ കർ ജോരി' അടക്കമുള്ള ചില പാട്ടുകൾ ലതയെ ശ്രദ്ധേയയാക്കി. ദിൽ മേരാ തോടാ, ബേ ദർദ് തേരേ ദർദ് കോ, മഹൽ എന്ന ചിത്രത്തിലെ ആയേഗാ ആനേവാലാ തുടങ്ങിയ ഗാനങ്ങൾ ഹിറ്റായി.
ഭാരതരത്‌നം, പത്മവിഭൂഷൺ, പത്മഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ അവാർഡ്, ഫ്രഞ്ച് സർക്കാരിന്‍റെ പരമോന്നത സിവിലിയൻ ബഹുമതിയായ ലീജിയൻ ഓഫ് ഓണർ തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. മേരാ ദിൽ തോഡാ, ഏക് പ്യാർ കാ, കുഛ് നാ കഹോ, തും ന ജാനേ, ലഗ് ജാ ഗലേ, തൂ ജഹാം ജഹാം ചലേഗേ തുടങ്ങി ലതാ മങ്കേഷ്‌കറുടെ സ്വരമാധുരിയിലൂടെ പിറന്ന ഗാനങ്ങൾ മൂളാൻ കൊതിക്കുന്നവരാണ് ഓരോ സംഗീത പ്രേമിയും.
മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെയും ശേവന്തിയുടെയും ആറുമക്കളിൽ മൂത്തയാളായി 1929-ൽ ഇൻഡോറിലാണ് ജനനം. ഹേമ എന്നായിരുന്നു പേര്. ദീനനാഥിന്‍റെ ഭാവ്ബന്ധൻ എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരുമായി ബന്ധപ്പെടുത്തിയാണ് ലത എന്ന പേര് സ്വീകരിച്ചത്. ഇന്ത്യയുടെ പ്രിയ ഗായികയായ ആശാ ഭോസ്ലേ സഹോദരിയാണ്.
പിതാവിൽനിന്നാണ് ലതാ മങ്കേഷ്‌കർ സംഗീതത്തിന്‍റെ ബാലപാഠങ്ങൾ പഠിച്ചത്. അഞ്ചാമത്തെ വയസ്സിൽ പിതാവിന്‍റെ സംഗീതനാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. ലതയ്ക്ക് പതിമൂന്ന് വയസുള്ളപ്പോളായിരുന്നു അച്ഛന്‍റെ മരണം. കുടുംബത്തെ നോക്കാൻവേണ്ടിയാണ് ലത സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയത്. പിന്നാലെ പിന്നണി ഗാന രംഗത്തേക്ക് എത്തി.1942 ൽ 'കിടി ഹസാൽ' എന്ന മറാത്തി ചിത്രത്തിൽ 'നാചു യാ ഗാഥേ', 'ഖേലു നാ മണി ഹാസ് ബാരി' എന്ന ഗാനമാണ് ആദ്യമായി ആലപിച്ചത്.
അതേവർഷം തന്നെ പാഹിലി മംഗള-ഗോർ എന്ന മറാത്തി ചിത്രത്തിൽ അഭിനയിക്കുകയും നടാലി ചൈത്രാചി നവാലായി എന്ന ഗാനമാലപിക്കുകയും ചെയ്തു. 1943 ലെ ഗജാബാഹു എന്ന ചിത്രത്തിലെ മാതാ ഏക് സപൂത് കി ദുനിയാ ബദൽ ദേ തൂവാണ് ആദ്യ ഹിന്ദി ഗാനം. 1948ൽ മജ്ബൂർ എന്ന ചിത്രത്തിന് വേണ്ടി ഗുലാം ഹൈദർ സംഗീതസംവിധാനം ചെയ്ത മേരാ ദിൽ തോഡാ എന്ന ഗാനം ലതാ മങ്കേഷ്‌കറെ പ്രശസ്തിയിൽ എത്തിച്ചു.
ഇതിനോടകം 36 ലേറെ ഭാഷകളിലായി മുപ്പതിനായിരത്തിലേറെ സിനിമാഗാനങ്ങൾ ആലപിച്ചു. ലോകത്തിലേറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിൽ ലതാ മങ്കേഷ്‌കറും പെടുന്നു.
എട്ട് പതിറ്റാണ്ടുകളായി സംഗീതലോകത്തുണ്ട് ഇതിഹാസ ഗായിക ലത മങ്കേഷ്‌കർ. ബോളിവുഡിൽ മാത്രം ആയിരത്തോളം സിനിമകളിൽ പാടിയിട്ടുണ്ട്. മലയാളത്തിൽ 'നെല്ല്' എന്ന ചിത്രത്തിലെ 'കദളി ചെങ്കദളി ' എന്ന് തുടങ്ങുന്ന ഗാനം മലയാളിയുടെ ഹൃദയത്തുടിപ്പായി മാറി. ചെമ്മീൻ സിനിമയിലെ കടലിനക്കരെ പോണോരേ എന്ന പാട്ട് ലതാ മങ്കേഷ്‌കറെകൊണ്ട് പാടിക്കാൻ സംഗീതജ്ഞൻ സലിൽ ചൗധരി ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10