സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി കെഎസ്ആർടിസിയുടെ പ്രവർത്തന ശൈലിയിലും രൂപത്തിലും വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് 'പ്രോജക്റ്റ് സൂര്യ' പദ്ധതിക്ക് തുടക്കമായി. കോടികൾ ചെലവഴിച്ച് പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് പകരം, മികച്ച സാങ്കേതിക നിലവാരമുള്ള പഴയ ബസുകൾ കുറഞ്ഞ ചെലവിൽ നവീകരിച്ച് നിരത്തിലിറക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനൊപ്പം സംസ്ഥാനത്തെ സാങ്കേതിക വിദ്യാർഥികൾക്കായി കെഎസ്ആർടിസി വർക്ക്ഷോപ്പുകളിൽ പ്രത്യേക തൊഴിലധിഷ്ഠിത പരിശീലന പരിപാടിയും ഗതാഗത മന്ത്രി സി.പി ജോൺ പ്രഖ്യാപിച്ചു.
ഐടിഐ, പോളിടെക്നിക്, എൻജിനീയറിങ് വിദ്യാർഥികൾക്ക് വലിയ പ്രായോഗിക പഠനാവസരമാണ് പ്രോജക്റ്റ് സൂര്യയിലൂടെ തുറന്നുകിട്ടുന്നത്. പ്രത്യേക ആഡ് ഓൺ സർട്ടിഫിക്കേഷൻ പ്രോഗ്രാമിന്റെ ഭാഗമായി ബസ് ബോഡി ബിൽഡിങ്, എൻജിൻ ഓവർഹോളിങ്, ഇലക്ട്രിക്കൽ വയറിങ്, ലൈറ്റിങ് സിസ്റ്റം എന്നിവയിൽ നേരിട്ട് പരിശീലനം നൽകും. തിയറി ക്ലാസുകളിൽ പഠിച്ച ഓട്ടോമൊബൈൽ ആശയങ്ങൾ വലിയൊരു ഗതാഗത ശൃംഖലയിൽ എങ്ങനെ പ്രയോഗിക്കുന്നുവെന്ന് മനസ്സിലാക്കാൻ ഇത് സഹായിക്കും. കെഎസ്ആർടിസി നൽകുന്ന ഈ ഔദ്യോഗിക സർട്ടിഫിക്കറ്റ് വിദ്യാർഥികളുടെ ഭാവി കരിയറിന് വലിയൊരു മുതൽക്കൂട്ടാകും.
ബസുകളുടെ പുനരുദ്ധാരണത്തോടൊപ്പം ഡിപ്പോകളും ബസ് ടെർമിനലുകളും ആധുനികീകരിക്കുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. സുലഭ് ഇന്റർനാഷണലുമായി സഹകരിച്ച് ഡിപ്പോകളിൽ ആധുനിക വിശ്രമമുറികളും ശൗചാലയങ്ങളും നിർമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കൊച്ചിയിൽ 13 കോടി രൂപ ചെലവിൽ പുതിയ ബസ് ടെർമിനൽ നിർമാണം 18 മാസത്തിനുള്ളിൽ പൂർത്തിയാക്കും. ലാഭകരമായ സർവീസുകൾ, പരിസ്ഥിതി സൗഹൃദ ബസുകൾ, സാങ്കേതിക വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനം എന്നിവ വഴി പുതിയൊരു യാത്രാസംസ്കാരം കെട്ടിപ്പടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
സാമ്പത്തികമായി ഏറെ ലാഭകരമായ രീതിയിലാണ് ബസുകളുടെ നവീകരണം ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരു പുതിയ ബസിന് 30 മുതൽ 40 ലക്ഷം രൂപ വരെ ചെലവ് വരുമ്പോൾ, കേവലം 1.5 ലക്ഷം മുതൽ 2.5 ലക്ഷം രൂപ വരെ ചെലവഴിച്ചാണ് ബിഎസ്-3, ബിഎസ്-4 ബസുകൾ ഡീലക്സ്, സൂപ്പർഫാസ്റ്റ് നിലവാരത്തിലേക്ക് ഉയർത്തുന്നത്. മികച്ച എൻജിൻ ട്യൂണിങ്ങിലൂടെ ഇവയുടെ പുക മലിനീകരണം 80 മുതൽ 85 ശതമാനം വരെ കുറയ്ക്കാനും സാധിക്കും. സൂപ്പർ ക്ലാസ് (26), ഫാസ്റ്റ് പാസഞ്ചർ/സൂപ്പർ ഫാസ്റ്റ് (52), ഓർഡിനറി (22) എന്നിങ്ങനെ വിവിധ ശ്രേണിയിലുള്ള ബസുകളാണ് ഈ പദ്ധതിയിൽ നവീകരിക്കുന്നത്.