കെ റെയില്‍: പിണറായിയുടേത് ജനങ്ങള്‍ക്കെതിരായ അപ്രഖ്യാപിത യുദ്ധം: ലോക്സഭയില്‍ രൂക്ഷ വിമര്‍ശനവുമായി കൊടിക്കുന്നിൽ സുരേഷ് എംപി
Jaihind TV News Report
Jaihind TV Web Desk
March 16, 2022
1 min read
•
Updated: June 10, 2026
ന്യൂഡല്‍ഹി : കേരളത്തിലെ ജനങ്ങള്‍ക്കെതിരെ പിണറായി വിജയൻ സിൽവർ ലൈൻ പദ്ധതിയിലൂടെ അപ്രഖ്യാപിത യുദ്ധമാണ് നടത്തിയിരിക്കുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. കേരത്തിൽ സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ റഷ്യ-യുക്രെയ്ൻ യുദ്ധം പോലെ ഭീകരമായ അന്തരീക്ഷമാണ് പിണറായി വിജയനും സർക്കാരും സംജാതമാക്കിയിരിക്കുന്നത്. സിൽവർ ലൈൻ വിഷയത്തിൽ ലോക്സഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കവേയായിരുന്നു കൊടിക്കുന്നിൽ സുരേഷ് എംപിയുടെ രൂക്ഷ വിമർശനം.
കമ്യൂണിസ്റ്റ് ഭീകരതയുടെയും അതിക്രമത്തിന്‍റെയും ഉദാഹരണം ആണ് കെ റെയിൽ സിൽവർ ലൈൻ പദ്ധതി. കാക്കി വേഷം കൊണ്ടുമാത്രം പോലീസ് ആയ, മാർക്സിസ്റ്റ് ഗുണ്ടകളായി പ്രവർത്തിക്കുന്ന പോലീസുകാരും, കെ റെയിൽ ഉദ്യോഗസ്ഥരും പാവപ്പെട്ടവരുടെ വീടുകളും കിടപ്പാടങ്ങളും കയ്യേറി അടുക്കളകളിൽ പോലും സർവ്വേ കല്ലിട്ടും കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും കിടപ്പു രോഗികളെയും പുരോഹിതരെയും പോലും ആക്രമിച്ചുകൊണ്ടുമാണ് സിൽവർ ലൈൻ എന്ന ടൈം ബോംബ് കേരളത്തിനുമേൽ സ്ഥാപിക്കുന്നതെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.
അമ്പലങ്ങൾ, പള്ളികൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും, പാവപ്പെട്ടവർ തങ്ങളുടെ ജീവിതം ഹോമിച്ചുണ്ടാക്കിയ വീടുകളും വരെ തട്ടിയെടുക്കാൻ സിപിഎം ഗുണ്ടകളെ കെ റെയിൽ കിങ്കരന്മാരായി അഴിച്ചു വിട്ടിരിക്കയാണ്. പൊതുജനത്തിന് മേൽ ഒരു ലക്ഷം കോടി രൂപയിലധികം രൂപയുടെ കടബാധ്യത കെട്ടിവെക്കാനായിട്ടുള്ള ഈ പദ്ധതിയുടെ ഡി പി ആർ വെറും തട്ടിപ്പാണ്. അറുപത്തിമൂവായിരം കോടി രൂപയുടെ ഡിപിആർ കൊണ്ട് നാല് പാലം പോലും പണിയാൻ സിൽവർ ലൈൻ പദ്ധതിക്ക് കഴിയില്ലെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ചൂണ്ടിക്കാട്ടി. നീതി ആയോഗ്, റെയിൽവേ, കേന്ദ്ര സർക്കാർ ഉൾപ്പെടെ ഉത്തരവാദിത്വപ്പെട്ട ഒരു ഏജൻസിയുടെയും അംഗീകാരം ലഭിക്കാത്ത സിൽവർ ലൈൻ പദ്ധതിക്കായി പൊലീസിലെ സിപിഎം ഗുണ്ടകളെ ജനങളുടെ നേരെ അഴിച്ചു വിടുകയാണ് പിണറായി വിജയൻ സർക്കാർ ചെയ്യുന്നത്. ഒഴിപ്പിക്കേണ്ടവരുടെ വീടുകളിലേക്ക് കെ റെയിൽ , പോലീസ് സംഘങ്ങൾ ചെല്ലുന്നത് ഹിറ്റ്ലറുടെ കാലത്ത് നാസികൾ ജൂതന്മാരെ തേടി അവരുടെ വീടുകളിലേക്ക് ഇരച്ചുകയറുന്നത്പോലെയാണ് എന്നും കൊടിക്കുന്നിൽ സുരേഷ് എംപി ചൂണ്ടിക്കാട്ടി. കേരളത്തിൽ ഇന്ന് നടക്കുന്നത് നന്ദിഗ്രാമിലെ പോലെയുള്ള ഭരണകൂട ഭീകരതയാണ്. കേന്ദ്ര സർക്കാരോ റെയിൽവേ വകുപ്പോ സിൽവർ ലൈൻ പദ്ധതിക്ക് ഒരു അനുമതിയും നൽകരുത്. വിദേശ ഏജൻസികളിൽ നിന്നും കടം എടുക്കാനുള്ള അനുവാദവും നൽകരുതെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.
ചെങ്ങന്നൂർ മുളക്കുഴയിൽ കെ റെയിൽ സിൽവർ ലൈൻ സർവേ നടത്തി കല്ലിടാനായി വന്ന കെ റെയിൽ ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും പാവപ്പെട്ട ജനങ്ങളോട് അതിക്രമം കാട്ടുകയും സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനങ്ങളെ ഭീഷണിപ്പെടുത്തിയും കള്ളക്കേസിൽ കുടുക്കുകയും രോഗികളെ ഉൾപ്പെടെ അക്രമിക്കുകയും ചെയ്ത സംഭവം ഉണ്ടായി. അത് അന്വേഷിക്കാനും പ്രശ്നപരിഹാരത്തിനുമായി അവിടെ എത്തിയ കൊടിക്കുന്നിൽ സുരേഷ് എംപിയെ ജാതിപരമായി അവഹേളിക്കുകയും അപമാനിക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അവകാശലംഘനത്തിന് ലോക്‌സഭാ സ്‌പീക്കർക്ക് പരാതി നൽകി. തികച്ചും നിന്ദ്യമായ രീതിയിൽ പെരുമാറിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പാർലമെന്‍റ് അംഗങ്ങൾക്കുള്ള അവകാശലംഘനത്തിനെതിരെയുള്ള ഭരണഘടനാപരമായ അവകാശം ഉപയോഗിച്ചാണ് ലോക്‌സഭാ പ്രിവിലേജ് കമ്മിറ്റി അംഗം കൂടിയായ കൊടിക്കുന്നിൽ സുരേഷ് എംപി സ്പീക്കർക്ക് പരാതി നൽകിയത്.
https://www.facebook.com/JaihindNewsChannel/videos/682043726580921
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10