തിരുവനന്തപുരം: സംസ്ഥാനത്ത് മണ്‍സൂണ്‍ മഴക്കാലത്തിന് മുന്നോടിയായുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും ഒരുക്കങ്ങളും വിലയിരുത്തുന്നതിനായി മന്ത്രിമാരുടെയും ജില്ലാ കളക്ടര്‍മാരുടെയും അടിയന്തര യോഗം ഇന്ന് ചേരും. രാവിലെ 10:30-ന് ഓണ്‍ലൈന്‍ വഴിയാണ് ഉന്നതതല യോഗം ക്രമീകരിച്ചിരിക്കുന്നത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് കാലവര്‍ഷത്തെ നേരിടാനുള്ള സജ്ജീകരണങ്ങള്‍ യോഗം വിശദമായി വിലയിരുത്തും.
മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുക, പകര്‍ച്ചവ്യാധി പ്രതിരോധം ഉറപ്പാക്കുക എന്നിവയാണ് യോഗത്തിന്റെ പ്രധാന അജണ്ട. ഇതിന് പുറമെ, അടിയന്തര സാഹചര്യമുണ്ടായാല്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി ദുരിതാശ്വാസ ക്യാമ്പുകള്‍ കണ്ടെത്താനും അവിടെ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ മുന്‍കൂട്ടി ക്രമീകരിക്കാനും കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കും. കാലവര്‍ഷ മുന്നൊരുക്കങ്ങള്‍ക്കായി വിവിധ ജില്ലകള്‍ക്ക് സര്‍ക്കാര്‍ ഇതിനകം തന്നെ അടിയന്തര ഫണ്ട് അനുവദിച്ചിട്ടുണ്ട്.
മഴക്കാലത്തിനൊപ്പം ജൂണില്‍ സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പാക്കല്‍, പരിസരങ്ങളിലെ അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റല്‍ തുടങ്ങിയ കാര്യങ്ങളില്‍ യോഗം അന്തിമ തീരുമാനമെടുക്കും. സാധാരണ ജൂണ്‍ ഒന്നിനാണ് സംസ്ഥാനത്ത് കാലവര്‍ഷം എത്താറുള്ളതെങ്കിലും, ഇത്തവണ മെയ് അവസാന വാരത്തോടെ തന്നെ (മെയ് 26-28 ഓടെ) മണ്‍സൂണ്‍ കേരള തീരത്ത് എത്തിയേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ ഒടുവിലത്തെ സൂചനകള്‍.
കാലവര്‍ഷ മുന്നൊരുക്കം: മന്ത്രിമാരുടെയും ജില്ലാ കളക്ടര്‍മാരുടെയും നിര്‍ണായക യോഗം ഇന്ന്