പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് കൊവിഡ് കാലത്തിന് സമാനമായ നിയന്ത്രണങ്ങൾ വേണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വനത്തിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്ത്. രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ പ്രധാനമന്ത്രി സമ്പൂർണമായി പരാജയപ്പെട്ടെന്നാണ് ഈ പ്രസ്താവനയിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പ്രശ്നപരിഹാരത്തിന് പകരം ജനങ്ങളെ വീണ്ടും ദുരിതത്തിലേക്ക് തള്ളിവിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വേണുഗോപാൽ വിമർശിച്ചു.
പശ്ചിമേഷ്യയിലെ സംഘർഷം മൂന്ന് മാസം പിന്നിട്ടിട്ടും വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി നേരിടാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല. സാധാരണക്കാരെ ബാധിക്കുന്ന ഇത്തരം ഗൗരവകരമായ വിഷയങ്ങളിൽ ഇടപെടുന്നതിന് പകരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ഇത് ഭരണകൂടത്തിന്റെ പിടിപ്പുകേടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാർ തിരഞ്ഞെടുപ്പുകൾക്കും നിസ്സാര രാഷ്ട്രീയ ലാഭങ്ങൾക്കും മാത്രമാണ് മുൻഗണന നൽകുന്നതെന്ന് കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി. ഈ അവഗണന മൂലം രാജ്യം കടുത്ത സാമ്പത്തിക തകർച്ചയിലേക്ക് നീങ്ങുകയാണ്. ജനങ്ങൾ ഇന്ധനക്ഷാമം മൂലം വലയാതിരിക്കാൻ ആവശ്യമായ ഇന്ധന ശേഖരം ഉടൻ ഉറപ്പാക്കണമെന്നും അദ്ദേഹം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.